ഹജ്ജ് ക്യാംപിന് നാളെ തുടക്കം;കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം വ്യാഴാഴ്ച പുറപ്പെടും

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനോടു ചേർന്നുള്ള ഹജ് ക്യാംപിന് നാളെ തുടക്കമാകും . സിയാൽ എയ്‌റോപാർക്കിന് സമീപത്തായാണ് സിയാലിന്റെയും സംസ്ഥാന ഹജ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഹജ് ക്യാംപ് സജ്ജമാക്കിയിരിക്കുന്നത്. സിയാൽ അക്കാദമിയിലെ കെട്ടിടങ്ങൾക്ക് പുറമെ, 1.3 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ താൽക്കാലിക പന്തൽ ഒരുക്കിയിട്ടുണ്ട്.1200 പേർക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യവും ക്യാംപിൽ സജ്ജമാക്കിയിട്ടുണ്ട്. അറുന്നൂറോളം പേർക്ക് നമസ്‌കരിക്കാനുള്ള സൗകര്യം, വിശാലമായ അസംബ്ലി ഹാൾ, ഭക്ഷണശാല എന്നിവയുമുണ്ട്. സിയാൽ അക്കാദമി കെട്ടിടത്തിലാണ് ഹജ് സെൽ, ഹജ് കമ്മിറ്റി ഓഫീസ്, അലോപ്പതി, ഹോമിയോ ആശുപത്രികൾ എന്നിവ പ്രവർത്തിക്കുന്നത്.
വ്യാഴാഴ്ചയാണ് തീർത്ഥാടകരമായുള്ള ആദ്യ വിമാനം കൊച്ചിയിൽ നിന്നും പുറപ്പെടുന്നത്. ഈ വിമാനത്തിൽ യാത്ര ചെയ്യുന്ന തീർത്ഥാടകർ നാളെ ക്യാംപിൽ എത്തിച്ചേരണം. 450 പേരാണ് ആദ്യ സംഘത്തിലുള്ളത്. രാജ്യാന്തര ടെർമിനലായ ടി3യിൽ എത്തിച്ചേരുന്ന തീർത്ഥാടകർ അവിടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയശേഷമാണ് ഹജ് ക്യാംപിലേക്ക് എത്തിച്ചേരേണ്ടത്.തീർത്ഥാടകരുടെ ലഗേജുകൾ സ്വീകരിക്കുന്നതിനും രജിസ്‌ട്രേഷൻ നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കുന്നതിനുമായി ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫ്‌ലൈനാസ് എയർവേയ്‌സാണ് ഈ വർഷം കൊച്ചിയിൽ നിന്നുള്ള ഹജ് സർവീസുകൾ നടത്തുന്നത്. മെയ് 8 നാണ് അവസാന വിമാനം. ആകെ 8341 തീർത്ഥാടകരാണ് കൊച്ചിയിൽ നിന്നും പുറപ്പെടുന്നത്.

