റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതി: ക്ലാസ് മുറികളിൽ നിന്ന് റോഡ് സുരക്ഷാ സംസ്കാരം വളർത്താൻ സർക്കാർ നീക്കം
Government moves to instill road safety culture from school level

തിരുവനന്തപുരം: റോഡ് സുരക്ഷാ ബോധവൽക്കരണവും സംസ്കാരവും വിദ്യാർത്ഥികളിലൂടെ വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാർ പുതിയ പദ്ധതിയുമായി രംഗത്തെത്തുന്നു.
വിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'റോഡ് സേഫ്റ്റി കേഡറ്റ്' പദ്ധതിയാണ് ഇത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മാതൃകയിലുള്ള ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയിൽ നടക്കും.
പൈലറ്റ് പ്രോജക്ടായി മാവേലിക്കര താലൂക്കിലെ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിൽ നടപ്പാക്കിയ പദ്ധതി വിജയകരമായി പൂർത്തിയാക്കി. ഇവിടെ പരിശീലനം പൂർത്തിയാക്കിയ 30 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടന ദിവസം തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കുട്ടികളിലൂടെ സുരക്ഷിതമായ ഒരു കേരളം കെട്ടിപ്പടുക്കാൻ ഈ പദ്ധതി വലിയ സഹായമാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു.
ക്ലാസ് മുറികളിൽ നിന്ന് തന്നെ റോഡ് സുരക്ഷാ സംസ്കാരം വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത അധ്യയന വർഷം തുടക്കത്തിൽ തന്നെ പദ്ധതി സംസ്ഥാനവ്യാപകമാക്കും. ആദ്യ ഘട്ടത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഓരോ വിദ്യാഭ്യാസ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട ഒരു ഹൈസ്കൂൾ/ഹയർ സെക്കൻഡറി സ്കൂളിലാണ് നടപ്പിലാക്കുക.
ഓരോ ബാച്ചിലും തുല്യ അനുപാതത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 30 വിദ്യാർത്ഥികളായിരിക്കും. 15 മണിക്കൂർ ക്ലാസ് പഠനം, 5 മണിക്കൂർ പ്രായോഗിക പരിചയം, 10 മണിക്കൂർ ശാരീരിക പരിശീലനം എന്നിവ ഉൾപ്പെടുന്ന സിലബസാണ് തയ്യാറാക്കിയിരിക്കുന്നത്. റോഡ് നിയമങ്ങൾക്കൊപ്പം അഗ്നിശമന സേനയുമായി ചേർന്നുള്ള ട്രോമ കെയർ, പ്രഥമശുശ്രൂഷ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, നീന്തൽ എന്നിവയിലും പരിശീലനം നൽകും. കെഎസ്ആർടിസി വർക്ക്ഷോപ്പുകളിലൂടെ സാങ്കേതിക പരിചയവും ലഭിക്കും.
സ്കൂൾ വാഹനങ്ങളിൽ സേഫ്റ്റി കോർഡിനേറ്റർമാരായി പ്രവർത്തിക്കാനും സ്കൂൾ പരിസരത്തെ ഗതാഗത നിയന്ത്രണത്തിനും കേഡറ്റുകളെ വിനിയോഗിക്കും. റോഡപകടങ്ങളുടെ കാരണങ്ങൾ വിശകലനം ചെയ്യുന്നതിൽ എംവിഡി ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്യും. കേഡറ്റുകൾക്കുള്ള യൂണിഫോം ചുവപ്പ്-കറുപ്പ്-മഞ്ഞ വരകളുള്ള ടി-ഷർട്ട്, കറുത്ത പാന്റ്സ്, ഷൂസ്, മെറൂൺ ക്യാപ്പ് എന്നിവയാണ്. ഇതിനായി KRSA ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ, ഇവർക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യവും സർക്കാർ സജീവമായി പരിഗണിച്ചുവരികയാണ്.


