ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി സർക്കാർ

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയിൽ നിർമാണ നിരോധനം നീക്കി സർക്കാർ തീരുമാനം. വിവിധ ആവശ്യങ്ങൾക്കായി ജില്ലയിൽ ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമി പതിവ് ചട്ടത്തിന് അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പട്ടയ ഭൂമി വീടു നിർമിക്കുന്നതിനും കൃഷി ചെയ്യുന്നതിനും പുറമേ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകുന്നതിനാണ് തീരുമാനമായത്.ഇനി പതിച്ചു കൊടുത്ത ഭൂമിയിൽ വീടു മാത്രമല്ല മറ്റുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പട്ടയ ഉടമകൾക്ക് സാധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഹൈറേഞ്ച് ജനതയുടെ ഏറെക്കാലമായുള്ള ആവശ്യമാണ് മന്ത്രിസഭ അംഗീകരിച്ചതെന്നും 2010 മുതൽ നിന്നിരുന്ന അനിശ്ചിതത്വമാണ് ഇതോടെ അവസാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.5000 ചതുരശ്ര അടിവരെയുള്ള നിർമാണ പ്രവർത്തനങ്ങൾ സൗജന്യമായും 5000 - 10000 വരെ ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനവും, അതിനു മുകളിലുള്ള നിർമിതികൾക്ക് ഭൂമിയുടെ ന്യായവിലയുടെ രണ്ട് ശതമാനവും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുവിന് ഭൂമിയുടെ ന്യായവിലയുടെ അഞ്ച് ശതമാനവും ഈടാക്കി അനുമതി നൽകാമെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഇത്തരം നിർമിതികൾ ഉണ്ടായിരുന്നത് ക്രമവത്കരിക്കാൻ ചട്ടം ഉണ്ടാക്കിയിരുന്നു. പുതിയ ചട്ടം വന്നതോടു കൂടി പുതിയ കെട്ടിടങ്ങൾ നിർമിക്കാനുള്ള അനുമതിയും ലഭ്യമാകും.
പതിച്ചു നൽകിയ ഭൂമി പതിവ് വ്യവസ്ഥകൾക്കു വിരുദ്ധമായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് ചില സംഘടനകളും വ്യക്തികളും കോടതിയെ സമീപിച്ചതിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർണമായും നിശ്ചലമായ അവസ്ഥയിലായിരുന്നു. മന്ത്രിസഭയുടെ തീരുമാനം വന്നതോടെ ഹൈറേഞ്ചിന്റെ വികസന സ്വപ്നങ്ങൾക്ക് വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

