ഗോപാലകൃഷ്ണന്റെ മതസ്പര്‍ധ വളര്‍ത്തുന്നപരാമർശങ്ങൾ ഗൗരവകരം ; എന്തു നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പിൽ മതസ്പർധ വളർത്തുന്ന പരാമർശങ്ങളിൽ എന്തു നടപടി സ്വീകരിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഗുരുവായൂർ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഗോപാലകൃഷ്ണന്റെ പരാമർശം ഗൗരവമെന്നും കോടതി നിരീക്ഷിച്ചു. പരാതികളിൽ തുടർനടപടികൾ ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.വിവാദ പ്രസ്താവനയിൽ ഗോപാലകൃഷ്ണനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗോപാലകൃഷ്ണന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ മറ്റ് പരാതികളുമുണ്ട്. പരാതികൾ പരിശോധിക്കുകയാണെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. കെ എസ് യു നേതാവാണ് ഹർജി നൽകിയത്.
മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നു എന്നതിനാൽ മറ്റെല്ലാ നടപടികളും ഇല്ലാതാകുന്നുണ്ടോ?. കൃത്യമായ നിയമപരിപാലനം നടക്കാതിരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. രണ്ടുമാസത്തിനകം തീരുമാനം ഉണ്ടാകണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. തെരഞ്ഞെടുപ്പ് ഘട്ടമായതിനാൽ കൂടുതൽ പരാമർശങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി സൂചിപ്പിച്ചു.ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒരു ഹിന്ദു എംഎൽഎ തന്നെ വേണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. ഗുരുവായൂരിൽ 48 ശതമാനത്തോളം ഹിന്ദുക്കളുണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്–വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെപ്പോലും നിയമസഭയിലേക്ക് അയച്ചില്ലെന്നും ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വിഡിയോയിൽ പറഞ്ഞിരുന്നു.

