നിശാ ക്ലബ്ബിലെ അഗ്നിബാധ: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗോവ സർക്കാർ
Goa Nightclub Blaze: Goa CM orders judicial enquiry

പനാജി: ഗോവയിലെ പ്രശസ്ത നൈറ്റ് ക്ലബ്ബിൽ ഉണ്ടായ ഭീകര അഗ്നിബാധയെ തുടർന്ന് സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.
അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുകയുമാണ് ഈ അന്വേഷണത്തിന്റെ ലക്ഷ്യം.
ശനിയാഴ്ച അർധരാത്രി കഴിഞ്ഞ് നോർത്ത് ഗോവയിലെ ബാഗയിൽ സ്ഥിതി ചെയ്യുന്ന “ബിർച്ച് ബൈ റോമിയോ ലേൻ” എന്ന ക്ലബ്ബിലാണ് തീപിടിത്തമുണ്ടായത് (ചില റിപ്പോർട്ടുകളിൽ നിശാ ക്ലബ് എന്നും പരാമർശിക്കപ്പെടുന്നു). ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് പ്രാഥമിക കാരണമെന്നാണ് നിഗമനം.അപകടത്തിൽ 25 പേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും ക്ലബ്ബിലെ ജീവനക്കാരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീ ആദ്യം പടർന്നത് താഴത്തെ നിലയിലെ അടുക്കളയിൽ നിന്നായിരുന്നു; മൃതദേഹങ്ങളിൽ ഏറെയും അടുക്കള പരിസരത്ത് നിന്നാണ് കണ്ടെടുത്തത്.
സംഭവ സ്ഥലത്ത് ഡിജിപി ഉൾപ്പെടക്കമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും അപകടസ്ഥലം സന്ദർശിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. “സുരക്ഷയുടെയും ഭരണനിർവഹണത്തിന്റെയും പരാജയമാണ് ഈ ദുരന്തം. സമഗ്രവും നീതിപൂർവവുമായ അന്വേഷണം അനിവാര്യമാണ്” എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

