ജി7 ഉച്ചകോടി;ആഗോള കടല്‍സുരക്ഷാ വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക ശക്തമായി ഉന്നയിച്ചു മോദി

പാരിസ്: ആഗോള കടൽസുരക്ഷാ വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക ശക്തമായി അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജി7 ഉച്ചകോടിക്കിടെയുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള രാഷ്ട്രത്തലവന്മാർ കൂടിയ വേദിയിലായിരുന്നു മോദിയുടെ പരാമർശം. സമുദ്രപാതകളിൽ നടക്കുന്ന ആക്രമണങ്ങളും സുരക്ഷാ ഭീഷണിയും വിവിധ രാജ്യങ്ങളുടെ വ്യാപാരത്തെയും സാമ്പത്തിക സംവിധാനങ്ങളെയും ബാധിക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളുടെ ആഘാതം ഇന്ത്യക്കും നേരിട്ട് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇന്ത്യക്കാരും ജീവൻ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരെ ബാധിച്ച കടൽസുരക്ഷാ പ്രശ്‌നങ്ങളുടെ ഗൗരവം അദ്ദേഹം ലോകനേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി.ലോകവ്യാപകമായി കടൽമേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളും ആക്രമണങ്ങളും സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് ഇന്ത്യയുടെ നിലപാട് മോദി വിശദീകരിച്ചത്. ഒമാൻ തീരത്തിനു സമീപം യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഇത്.
ഇന്ത്യ ലോകത്തിലെ പ്രധാന വ്യാപാര രാജ്യങ്ങളിലൊന്നായതിനാൽ ചരക്ക് ഗതാഗതത്തിന്റെ ഏറിയ പങ്കും സമുദ്രപാതകളെ ആശ്രയിച്ചാണ് നടക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ മഹാസമുദ്രത്തിലോ മറ്റ് അന്താരാഷ്ട്ര കടൽപാതകളിലോ ഉണ്ടാകുന്ന അസ്ഥിരത രാജ്യത്തിന്റെ വ്യാപാര മേഖലയെ നേരിട്ട് ബാധിക്കുമെന്ന് മോദി പറഞ്ഞു. എണ്ണ, ഭക്ഷ്യവസ്തുക്കൾ, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവയുടെ ആഗോള വിതരണ ശൃംഖലയിൽ കടൽപാതകൾ നിർണായകമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.ആഗോള സുരക്ഷ എന്നത് കരയിലോ അതിർത്തികളിലോ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും സമുദ്രസുരക്ഷയും അതിന്റെ പ്രധാന ഭാഗമാണെന്നും മോദി വ്യക്തമാക്കി. കടൽമേഖലയിലെ ഭീഷണികളെ നേരിടാൻ രാജ്യങ്ങൾ തമ്മിലുള്ള വിവര കൈമാറ്റവും സുരക്ഷാ സഹകരണവും കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന സംഘർഷ സാഹചര്യങ്ങൾക്കിടയിൽ ഇന്ത്യ സമാധാനത്തിന്റെയും സ്ഥിരതയുടെയും പക്ഷത്താണെന്ന സന്ദേശവും പ്രധാനമന്ത്രി നൽകി.
ഇന്ന് ഉച്ചതിരിഞ്ഞ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഉച്ചകോടിയിലെ പരാമർശമെന്നത് ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിലെ സംഘർഷത്തിനു പുറമെ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. 2025 ഫെബ്രുവരിയിൽ വാഷിങ്ടണിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇതിനിടെ പല തവണ ടെലഫോൺ സംഭാഷണം നടന്നെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ അധിക തീരുവകളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നെങ്കിലും, സമീപകാല ചർച്ചകൾ പുരോഗതി കൈവരിച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ജി7 ഉച്ചകോടിക്കിടെ അന്തിമ വ്യാപാര കരാർ പ്രഖ്യാപിക്കപ്പെടാൻ സാധ്യത കുറവാണെങ്കിലും, കരാർ പൂർത്തിയാക്കുന്നതിനുള്ള സാങ്കേതിക ചർച്ചകൾക്ക് വേഗം കൂട്ടാൻ കൂടിക്കാഴ്ച വഴിയൊരുമെന്നാണ് അനുമാനം. ഇടക്കാല വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ പ്രത്യേക തീരുവ ഇളവുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

