Kaumudi Plus

കെഎസ്ആര്‍ടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ;ജൂണ്‍ 15 മുതല്‍ നടപ്പാക്കും ,ആദ്യഘട്ടം ഓർഡിനറി ബസുകളിൽ

കെഎസ്ആര്‍ടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ;ജൂണ്‍ 15 മുതല്‍ നടപ്പാക്കും ,ആദ്യഘട്ടം ഓർഡിനറി ബസുകളിൽ
X

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ജൂൺ 15 മുതൽ നടപ്പാക്കും .ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും പദ്ധതി നടപ്പാക്കുക . തുടർന്ന് നൂറ് ദിവസത്തെ പഠനത്തിന് ശേഷം രണ്ടാം ഘട്ടമായി കൂടുതൽ സൗജന്യം അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആദ്യ മന്ത്രിസഭായോഗത്തിലാണ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി അനുസരിച്ച് ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാൻ തീരുമാനിച്ചത്. ഇത് ഏത് രീതിയിൽ നടപ്പാക്കുമെന്നതിനെ സംബന്ധിച്ച് പിന്നീടുള്ള ദിവസങ്ങൾ പഠിച്ച് തീരുമാനമെടുക്കുമെന്നാണ് മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്.

കൂടാതെ വിവിധ ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക എന്നും വി ഡി സതീശൻ സൂചിപ്പിച്ചിരുന്നു. സൗജന്യ യാത്ര പ്രഖ്യാപനം നടപ്പാക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ഇന്ന് യോഗം ചേർന്ന് തീരുമാനമെടുത്തത്. തുടക്കത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഓർഡിനറി ബസുകളിൽ മാത്രം അനുവദിക്കാനാണ് തീരുമാനിച്ചത്.

തുടർന്ന് നൂറ് ദിവസത്തെ പഠനത്തിന് ശേഷം രണ്ടാം ഘട്ടം നടപ്പാക്കും. തുടക്കത്തിൽ തന്നെ ഓർഡിനറി ബസുകൾക്ക് പുറമേ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ കൂടി സൗജന്യ യാത്ര അനുവദിക്കാനായിരുന്നു ധാരണയിലെത്തിയത്. തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി ഓർഡിനറി ബസുകൾ കുറവായതിനാൽ ഓർഡിനറി ബസുകളിൽ മാത്രം സൗജന്യയാത്ര അനുവദിച്ചാൽ ഇതിന്റെ ഗുണം പൂർണമായി ലഭിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു ആലോചന മുന്നോട്ടുപോയത്. എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സാമ്പത്തിക ബാധ്യത അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട് എന്ന് വിലയിരുത്തിയാണ് ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം സൗജന്യം അനുവദിക്കാൻ തീരുമാനിച്ചത്.ഓർഡിനറി ബസുകളിൽ മാത്രം സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ കെഎസ്ആർടിസിക്ക് പ്രതിമാസം 57 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. സിറ്റി ഫാസ്റ്റിന് കൂടി അനുവദിച്ചാൽ ഇത് 65 കോടിയായി ഉയരും. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളിൽ സൗജന്യം അനുവദിച്ചാൽ ചെലവ് വീണ്ടും കൂടി. പ്രതിമാസം 90 കോടി രൂപ അധികം കണ്ടെത്തേണ്ടി വരുമെന്നാണ് സർക്കാർ പറയുന്നത്. എല്ലാം ക്ലാസിലും സൗജന്യം അനുവദിച്ചാൽ 112 കോടി രൂപയാണ് വേണ്ടി വരിക. അങ്ങനെ വരുമ്പോൾ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കെഎസ്ആർടിസിക്ക് ഇത് താങ്ങാൻ സാധിക്കില്ല. ചെലവ് മുഴുവൻ സർക്കാർ വഹിക്കേണ്ടി വരും. നിലവിൽ കെഎസ്ആർടിസിയിലെ പെൻഷൻ തുക സഹകരണ ബാങ്കുകൾ വഴിയാണ് നൽകുന്നത്. സർക്കാർ പിന്നീട് പലിശസഹിതം നൽകുന്ന തരത്തിലാണ് ഇതിന് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. സമാനമായ നിലയിൽ സർക്കാർ ഏജൻസി സൗജന്യയാത്രയുടെ ചെലവ് ഏറ്റെടുത്ത ശേഷം സർക്കാർ പിന്നീട് പലിശ സഹിതം നൽകുന്ന രീതിയാണ് ആലോചിക്കുന്നത്. ഇതിനായി കെഎഫ്‌സിയെയാണ് സമീപിച്ചിരിക്കുന്നത്. ഇതിന് വ്യക്തമായ ക്രമീകരണം ഒരുക്കുന്നതിന് ധനകാര്യസെക്രട്ടറിയെ ചുമതലപ്പെടുത്താനും ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു.

Next Story
Share it