ഗൗതം അദാനിക്കെതിരായ വഞ്ചനാക്കേസ് ഒത്തുതീർപ്പിലേക്ക്;പിഴയൊടുക്കി കേസ് അവസാനിപ്പിക്കാൻ ധാരണ

ന്യൂയോർക്ക്: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) ഫയൽ ചെയ്ത വഞ്ചനാക്കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. ഇന്ത്യയിലെ വൻകിട സൗരോർജ്ജ പദ്ധതിക്കായി സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയത് മറച്ചുവെച്ച് വിദേശ നിക്ഷേപകരെ വഞ്ചിച്ചു എന്നതായിരുന്നു കേസ്. കോടതിയിൽ സമർപ്പിച്ച പുതിയ രേഖകൾ പ്രകാരം, ഗൗതം അദാനി 6 മില്യൺ ഡോളറും (ഏകദേശം 50 കോടി രൂപ) അനന്തരവൻ സാഗർ അദാനി 12 മില്യൺ ഡോളറും സിവിൽ പിഴയായി നൽകാൻ സമ്മതിച്ചിട്ടുണ്ട്.ക്രിമിനൽ കേസുകളും പിൻവലിച്ചേക്കും
സിവിൽ കേസിന് പുറമെ ന്യൂയോർക്കിൽ അദാനിക്കെതിരെ നിലനിന്നിരുന്ന സെക്യൂരിറ്റീസ് ഫ്രോഡ്, വയർ ഫ്രോഡ് തുടങ്ങിയ ക്രിമിനൽ കേസുകളും പിൻവലിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറ്റം സമ്മതിക്കാതെയാണ് ഈ ഒത്തുതീർപ്പ് നടപടികൾ നടക്കുന്നത്. 2024 അവസാനത്തോടെയാണ് അദാനിക്കെതിരെ അമേരിക്കയിൽ നിയമനടപടികൾ ആരംഭിച്ചത്. എന്നാൽ ഡൊണാൾഡ് ട്രംപ് രണ്ടാമതും അധികാരമേറ്റതോടെ ഉണ്ടായ രാഷ്ട്രീയ സാഹചര്യങ്ങൾ അദാനിക്ക് അനുകൂലമായെന്നാണ് വിലയിരുത്തൽ.

