മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയുംകേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ ടിയു കുരുവിള അന്തരിച്ചു. 90 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ടിയു കുരുവിള. 2006ലും 2011ലും കോതമംഗലത്തുനിന്നുള്ള എംഎൽഎയായിരുന്നു. 2006ൽ പിജെ ജോസഫ് രാജിവെച്ചതിനെ തുടർന്നാണ് മന്ത്രിപദത്തിലെത്തിയത്. എന്നാൽ ഒരുകൊല്ലത്തിനുശേഷം രാജകുമാരി ഭൂമിയിടപാട് വിവാദത്തിന് പിന്നാലെ കുരുവിള രാജിവെച്ചു.കോതമംഗലത്തെ ഊഞ്ഞപ്പാറ സ്വദേശിയായ ടി.യു. കുരുവിള 1936 സെപ്റ്റംബർ 13-നാണ് ജനിച്ചത്. ഉതുപ്പും മറിയവുമായിരുന്നു മാതാപിതാക്കൾ. 1964 മുതൽ 1978 വരെ 14 വർഷം കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കോതമംഗലം നഗരസഭാ ചെയർമാനായും പ്രവർത്തിച്ചു. പ്ലാന്റേഷൻ കോർപറേഷൻ (1982-87), കേരള ഹൗസിങ് ബോർഡ് (1996- 001) എന്നിവയുടെ ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. 2006, 2011 വർഷങ്ങളിൽ കോതമംഗലം മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി.

