മെഡിക്കല്‍ കോളജിലെ തീപിടിത്തം; രോഗികൾ മരിച്ചതിൽ ആരോപണവുമായി കുടുംബങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷൽറ്റി വെൻറിലേറ്റർ യൂണിറ്റിലെ തീ പിടിത്തത്തിന് ശേഷം മണിക്കൂറുകൾക്കുളളിൽ രോഗികൾ മരിച്ചതിൽ ആരോപണവുമായി കുടുംബങ്ങൾ.
അഞ്ച് രോഗികളാണ് മരിച്ചത്. അഗ്നിബാധയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റിയതാണ് മരണകാരണമെന്നാണ് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിൻറെ ബന്ധുക്കൾ ആരോപിക്കുന്നത്.ബൈക്കിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന സനീഷ് ആരോഗ്യം മെച്ചപ്പെട്ട് പൊടിയരിക്കഞ്ഞി കുടിച്ച് തുടങ്ങിയിരുന്നതായിരുന്നു. എന്നാൽ തീപിടിച്ച വെൻറിലേറ്ററിൽ ചികിൽസയിലിരുന്ന സനീഷിന് തീപിടിത്ത ശേഷം നില വഷളായെന്നും രക്ഷപെടില്ലെന്നും അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റിയതാണ് സനീഷ് മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.സനീഷിനെ കൂടാതെ ഓട്ടോ ഇടിച്ച് പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആയൂർ സ്വദേശി കൃഷ്ണൻകുട്ടി, കാർ ഓട്ടോയിൽ ഇടിച്ച് പരുക്കേറ്റ ഓട്ടോ ഡ്രൈവർ അബ്ദുൾ റഹീം, വാഹനാപകടത്തിൽ പരുക്കേറ്റ ചിറയിൻകീഴ് സ്വദേശി ഓമന അമ്മ , ബാലരാമപുരം സ്വദേശി ശ്രീധരൻ എന്നിവരാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിയമപരമായി പരാതികൾ കുടുംബങ്ങൾ നൽകിയിട്ടില്ല. സംഭവത്തിൽ തുടരന്വേഷണം ആവശ്യമാണ്.

