ശബരിമല ഫയലുകൾ കാണാതായെന്ന വാർത്ത തെറ്റ്: ദേവസ്വം ബോർഡ്
Files on women's entry at Sabarimala not missing, says Travancore Devaswom Board

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായെന്ന പുറത്തുവന്ന വാർത്തകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിഷേധിച്ചു.
വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും, പ്രമേയങ്ങളും, കോടതി നടപടികളുടെ പകർപ്പുകളും സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് ബോർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, വാർത്ത നൽകിയ മാധ്യമങ്ങൾ യാഥാർത്ഥ്യം മനസ്സിലാക്കി അത് പിൻവലിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. ജനങ്ങളെ ശരിയായ വസ്തുതകളെക്കുറിച്ച് അറിയിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങൾ നിർവഹിക്കണമെന്നും ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പി. ഡി. സന്തോഷ് കുമാർ എന്നിവർ വാര്‍ത്താ കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി പഴയ ഫയലുകൾ തിരഞ്ഞപ്പോൾ ചിലത് കാണാതായെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ബോർഡ് ഇത് തള്ളിക്കളഞ്ഞു. കേസുകൾ കൈകാര്യം ചെയ്ത അഭിഭാഷകരിൽ നിന്ന് ആവശ്യമായ രേഖകളുടെ പകർപ്പുകൾ തേടിയിരിക്കുകയാണെന്ന റിപ്പോർട്ടുകളും ബോർഡ് നിഷേധിച്ചു. എല്ലാം സുരക്ഷിതമാണെന്നാണ് ഔദ്യോഗിക നിലപാട്.

