Kaumudi Plus

'ഓരോ വര്‍ഷം ഓരോ മുഖ്യമന്ത്രിമാര്‍...കോൺഗ്രസ്സിനെ പരിഹസിച്ച് നരേന്ദ്രമോദി

ഓരോ വര്‍ഷം ഓരോ മുഖ്യമന്ത്രിമാര്‍...കോൺഗ്രസ്സിനെ പരിഹസിച്ച് നരേന്ദ്രമോദി
X

ബംഗളൂരു: കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലെ അനിശ്ചിതത്വം വൈകുന്നത് ചൂണ്ടിക്കാട്ടി കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉണ്ടായിട്ടും കേരളത്തിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിനു കഴിയുന്നില്ലെന്നു അദ്ദേഹം പരിഹസിച്ചു.

കോൺഗ്രസ് വഞ്ചനയുടെ പാർട്ടിയാണെന്നും വാഗ്ദാനങ്ങൾ വെറും നുണയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അധികാര തർക്കങ്ങൾ വിശദീകരിക്കുമ്പോഴാണ് കേരളത്തിലെ സാഹചര്യത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പരിഹസിച്ചത്. ബംഗളൂരുവിൽ ഒരു ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം വിമർശനവും പരിഹാസവും ഉയർത്തിയത്.'കർണാടകയിലെ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ അവർക്ക് സമയമില്ല. അവരുടെ ആഭ്യന്തര തർക്കങ്ങൾ തീർക്കുന്ന തിരക്കിലാണ് നേതൃത്വം. കഴിഞ്ഞ മൂന്ന് വർഷമായി നമ്മൾ ഇതു കാണുന്നുണ്ട്. ഇപ്പോൾ ഇതേ സാഹചര്യം കേരളത്തിലും ആവർത്തിക്കുന്നു. അവർക്ക് ഒരു നേതാവിനെ കണ്ടെത്താനോ, അല്ലെങ്കിൽ രണ്ട് മുഖ്യമന്ത്രിമാർക്ക് രണ്ടര വർഷം, അല്ലെങ്കിൽ അഞ്ച് മുഖ്യമന്ത്രിമാർക്ക് ഒരു വർഷം എന്ന രീതിയിലുള്ള ഒരു ഫോർമുലയോ ഉണ്ടാക്കാൻ സാധിക്കുന്നില്ല. രാജസ്ഥാനിലും ഛത്തീസ്ഗഢിലും അവർ ഇതുതന്നെയാണ് ചെയ്തത്. ഇപ്പോൾ കേരളത്തിന്റെ ഊഴം എത്തി'- അദ്ദേഹം വ്യക്തമാക്കി.

102 സീറ്റുകൾ നേടി ചരിത്ര വിജയമാണ് കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് നേടിയത്. ഫലം വന്നിട്ട് ഇത്ര ദിവസമായിട്ടും പക്ഷേ മുഖ്യമന്ത്രി ആരെന്നു പ്രഖ്യാപിക്കാൻ സാധിക്കാത്ത നിലയിലാണ് കോൺഗ്രസ്. വിഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവർ സ്ഥാനത്തേക്ക് അവകാശമുന്നയിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ ഹൈക്കമാൻഡ് നേതാക്കളുമായി സംസാരിച്ചിരുന്നു. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

Next Story
Share it