ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ശനിയാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.
ക്ഷേത്രം മേൽശാന്തി മൂർത്തിയേടത്തു മന സുധാകരൻ നമ്പൂതിരി മുഖ്യകാർമ്മികനായി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി പി എ പ്രദീപും വസന്തയും കുടുംബവും ആണ് ആനയെ നടയിരുത്തിയത്.
ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ബൽറാമിനെയാണ് നടയിരുത്തിയത്.
ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ ബി അരുൺകുമാർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പ്രമോദ് കളരിക്കൽ, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എം രാധ, അസി.മാനേജർമാരായ രാമകൃഷ്ണൻ ( ക്ഷേത്രം), സുന്ദരരാജൻ ( ജീവധനം) പാരമ്പര്യവകാശികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
വഴിപാടു നേർന്ന പി എ പ്രദീപ്, വസന്ത, കുടുംബാംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

