Kaumudi Plus

തെരഞ്ഞെടുപ്പ് തോൽവി ;അണ്ണാ ഡിഎംകെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം;എടപ്പാടി സ്ഥാനമൊഴിയണം

തെരഞ്ഞെടുപ്പ് തോൽവി ;അണ്ണാ ഡിഎംകെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം;എടപ്പാടി സ്ഥാനമൊഴിയണം
X

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ അണ്ണാ ഡിഎംകെ ( AIADMK ) പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാവുന്നു . പാർട്ടി അധ്യക്ഷൻ എടപ്പാടി കെ പളനിസ്വാമി, എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് മുതിർന്ന നേതാവ് സി വി ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എം എൽ എമാരും മുൻ മന്ത്രിമാരും ആവശ്യപ്പെട്ടു.എടപ്പാടി ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞില്ലെങ്കിൽ പാർട്ടി പിളരാനുള്ള സാധ്യത നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ. പളനിസ്വാമിയുടെ നേതൃത്വത്തിൽ പാർട്ടി നേരിടുന്ന നാലാമത്തെ തെരഞ്ഞെടുപ്പ് പരാജയമാണിത്. 234 സീറ്റുകളിൽ വെറും 47 സീറ്റുകൾ മാത്രമാണ് ഇത്തവണ പാർട്ടിക്ക് നേടാനായത്. ഇനിയും എടപ്പാടിയുടെ നേതൃത്വം അംഗീകരിക്കാനാവില്ലെന്ന് ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം പറയുന്നു.

തുടർച്ചയായ പരാജയം മൂലം പ്രവർത്തകരുടെ മനോവീര്യം നഷ്ടപ്പെട്ടതായും ഇവർ ചൂണ്ടിക്കാട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയ്യുടെ ടിവികെ പാർട്ടിയുമായി സഖ്യമുണ്ടാക്കാനാണ് ഷൺമുഖം വിഭാഗം താൽപ്പര്യപ്പെടുന്നത്. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ 30 എംഎൽഎമാർ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് എടപ്പാടി പളനിസ്വാമി നടത്തിയ നീക്കങ്ങളാണ് പിളർപ്പ് ഒഴിവാക്കിയത്.ഇതിനിടെ, ചിരവൈരികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും സഹകരിച്ച് സർക്കാരുണ്ടാക്കാനുള്ള സാധ്യതകളും ചർച്ചയായിരുന്നു. ഡിഎംകെയുടെ പുറത്തു നിന്നുള്ള പിന്തുണ സ്വീകരിച്ച് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുക എന്ന നിർദേശമാണ് ഉയർന്നത്. എന്നാൽ പിന്നീട് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. വീണ്ടും അധികാരമൊന്നുമില്ലാതെ പ്രതിപക്ഷത്തായതോടെയാണ്, എഐഎഡിഎംകെയിൽ നേതൃത്വത്തിനെതിരെ കലഹം ശക്തമായത്.

Next Story
Share it