Kaumudi Plus

‘ഒന്നുകിൽ ഞാൻ, അല്ലെങ്കിൽ അഭിഷേക്’;മമതയ്ക്ക് അന്ത്യശാസനവുമായി കല്യാണ്‍ ബാനര്‍ജി

‘ഒന്നുകിൽ ഞാൻ, അല്ലെങ്കിൽ അഭിഷേക്’;മമതയ്ക്ക്  അന്ത്യശാസനവുമായി കല്യാണ്‍ ബാനര്‍ജി
X

കൊൽക്കത്ത: തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ തൃണമുൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു .തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ അനന്തരവനും പാർട്ടിയിലെ രണ്ടാമനുമായ അഭിഷേക് ബാനർജിക്കെതിരെ മുതിർന്ന നേതാവ് കല്യാൺ ബാനർജി എംപി രംഗത്തു വന്നു. ഒന്നുകിൽ താൻ, അല്ലെങ്കിൽ അഭിഷേക്. രണ്ടിലാരു വേണമെന്ന് തീരുമാനിക്കാനാണ് മമതയുടെ വിശ്വസ്തരിലൊരാളായ കല്യാൺ ബാനർജി, പാർട്ടി അധ്യക്ഷയോട് ആവശ്യപ്പെട്ടിരിക്കുന്നത്.അഭിഷേക് ബാനർജിയുടെ അഹങ്കാരവും മോശം പെരുമാറ്റവുമാണ് പാർട്ടിയെ നശിപ്പിച്ചത്. താൻ ഒരു രാജാവ് ആണെന്നാണ് അയാളുടെ വിചാരം. എല്ലാ കാര്യങ്ങളിലും താനൊരു രാജാവാണെന്ന് അവൻ വിചാരിക്കുന്നു.

പാർട്ടിയുടെ മോശം സമയത്തു പോലും അങ്ങനെയാണ് പ്രവർത്തിക്കുന്നത്. ഞാൻ പാർട്ടിക്ക് വേണ്ടിയും മമതാ ബാനർജിയുടെ പിന്നിലും ഉറച്ചു നിൽക്കുമ്പോൾ, എനിക്ക് ജോലി ചെയ്യാൻ ഒട്ടും സാധിക്കാത്ത അവസ്ഥയാണ്. അഭിഷേക് ബാനർജിയുടെ ഈ മനോഭാവം കാരണം എനിക്ക് പാർട്ടിയിൽ ഒട്ടും മുന്നോട്ട് പോകാൻ കഴിയില്ല. ഇത് വലിയ അപമാനമാണ്. ' കല്യാൺ ബാനർജി തുറന്നടിച്ചു.

'മമതാ ദി ആദ്യം ഒരു തീരുമാനം എടുക്കണം. ഒന്നുകിൽ കല്യാൺ ബാനർജി, അല്ലെങ്കിൽ അഭിഷേക് ബാനർജി. ആരു വേണമെന്ന് മമത ബാനർജി തീരുമാനം പ്രഖ്യാപിക്കണം.' കല്യാൺ ബാനർജി ആവശ്യപ്പെട്ടു. അഭിഷേക് ഇല്ലാതെ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് മമതയുടെ നിലപാടെങ്കിൽ, പിന്നെ താൻ പാർട്ടിയിൽ ഉണ്ടാകില്ലെന്നും കല്യാൺ ബാനർജി കൂട്ടിച്ചേർത്തു. ഒപ്പുവെക്കൽ തിരിമറി കേസിലും , അതുമായി ബന്ധപ്പെട്ട സി.ഐ.ഡി പരിശോധനാ കേസിലും അഭിഭാഷക സ്ഥാനത്തു നിന്നും ഒഴിവാക്കിയ നടപടിയാണ് കല്യാൺ ബാനർജിയെ ചൊടിപ്പിച്ചത്.അവസാന നിമിഷം തന്നെ ഒഴിവാക്കിയ അഭിഷേക് ബാനർജിയുടെ നടപടി അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കല്യാൺ ബാനർജി പറയുന്നത്. വ്യാജരേഖ ചമച്ച കേസിൽ നിലവിൽ അഭിഷേകിന് കൽക്കട്ട ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് മുൻപായി ചോദ്യം ചെയ്യലിന് ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്. നിയമസഭയിൽ ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിൽ ചില എം.എൽ.എമാരുടെ വ്യാജ ഒപ്പുകൾ ഇട്ടുവെന്ന ആരോപണത്തെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

Next Story
Share it