വീണയ്ക്ക് ഇ ഡി സമൻസ് അയച്ചു ;ബുധനാഴ്ച ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് വീണ്ടും സമൻസ് അയച്ചു ഇ ഡി . ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ്. ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകി .
ഇ ഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇ ഡി മറുപടി നൽകിയിട്ടില്ല.ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിന് രണ്ടാഴ്ചത്തെ സാവകാശമാണ് വീണ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വീണയ്ക്ക് സമയം അനുവദിക്കാൻ തയാറല്ലെന്ന് ഇഡി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിണ ടി ഉൾപ്പെടെ 9 പേർക്ക് നേരത്തെ ഇ ഡി സമൻസ് അയച്ചിരുന്നത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൻ എസ് കർത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.

