എഫ്ഐആർ വരെ കാത്തത് മാധ്യമ ശ്രദ്ധയ്ക്കായി: ആശ ആച്ചി ജോസഫിന്റെ ധീര തുറന്നടി
Dr. Asha Achi Joseph speaks out on the Sexual assault case against PT Kunju Muhammed

തിരുവനന്തപുരം: പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയായ ഡോ. ആശ ആച്ചി ജോസഫ് തുറന്നെഴുത്തുമായി രംഗത്ത്.
അതിക്രമം ബോധപൂർവമായിരുന്നുവെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ചാനലുകളിൽ വാർത്ത വരുന്നതുവരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നും അവർ ആരോപിക്കുന്നു.
"ദയവായി ആ അപമാനത്തിൽ നിന്ന് എന്നെ ഒഴിവാക്കുക" എന്ന് ഒത്തുതീർപ്പിന് സമീപിച്ചവരോട് ആശ പറഞ്ഞു. മിണ്ടാതിരിക്കാൻ പലരും ഉപദേശിച്ചെങ്കിലും സഹതാപമല്ല, സമൂഹത്തിന്റെ ഐക്യദാർഢ്യമാണ് വേണ്ടതെന്ന് അവർ ഊന്നിപ്പറയുന്നു.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതലയിലായിരുന്നപ്പോൾ, പുരോഗമന മൂല്യങ്ങൾ അവകാശപ്പെടുന്ന സ്ഥാപനത്തിനുള്ളിൽ തന്നെയാണ് അപമാനം നേരിടേണ്ടിവന്നത്. 'ഇര'യോ 'അതിജീവിത'യോ എന്ന് മാത്രം വിളിച്ച് വ്യക്തിത്വം മായ്ച്ചുകളയരുതെന്ന് ആശ വ്യക്തമാക്കി. നിശബ്ദത രണ്ടാമത്തെ അതിക്രമമാണെന്ന തിരിച്ചറിവോടെയാണ് ഈ തുറന്നുപറച്ചിൽ.
ഐഎഫ്എഫ്കെയ്ക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽവെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മുഖ്യമന്ത്രിക്ക് നൽകിയ കത്ത് കന്റോണ്മെന്റ് പൊലീസിന് കൈമാറിയെങ്കിലും വാർത്ത വന്ന ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്തുള്ളൂ. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പൊലീസ് കുറ്റപത്രം സമർപ്പിച്ചു; അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.
കുഞ്ഞുമുഹമ്മദാകട്ടെ അപമര്യാദ നടത്തിയിട്ടില്ലെന്നും തെറ്റിദ്ധാരണയാകാമെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും നിഷേധിച്ചു. എന്നാൽ ആശയുടെ ധീരമായ നിലപാട് സ്ത്രീകൾക്കെതിരായ അധികാര ദുർവിനിയോഗത്തിനെതിരെ ശക്തമായ സന്ദേശമാണ് നൽകുന്നത്.

