Kaumudi Plus

സ്ത്രീധന പീഡനം: അമ്മയും മകളും സയനൈഡ് കഴിച്ചു ജീവനൊടുക്കി

Dowry harassment: Mother and daughter commit suicide consuming cyanide

സ്ത്രീധന പീഡനം: അമ്മയും മകളും സയനൈഡ് കഴിച്ചു ജീവനൊടുക്കി
X

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ സ്ത്രീധന പീഡനമാണ് കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പുറത്തുവന്നു.

അമ്മ സജിത (54) എഴുതിയ കുറിപ്പിൽ മകൾ ഗ്രീമയുടെ (30) ഭർത്താവ് ബി.എം. ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

ആറു വർഷം മുമ്പ് വിവാഹിതരായ ഇരുവരും ഒരുമിച്ച് താമസിച്ചത് വെറും 25 ദിവസം മാത്രമാണ്. "എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പു പോലെ എറിഞ്ഞു. മോൾ അവനോട് കെഞ്ചിക്കരഞ്ഞിട്ടും അവനു വേണ്ട. പിരിയാൻ തക്ക കാരണങ്ങളൊന്നുമില്ല. അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ. മടുത്തു, മതിയായി" – എന്നാണ് കുറിപ്പിൽ പറയുന്നത്.

വിവാഹത്തിന് 200 പവൻ സ്വർണവും വസ്തുവും വീടും ഉൾപ്പെടെ വൻ തോതിലുള്ള സ്ത്രീധനം നൽകിയിട്ടും ഭർത്താവ് സ്ത്രീധനം പോരെന്ന് പറഞ്ഞ് മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും കുറിപ്പിലുണ്ട്. ഇരുവരും ജീവനൊടുക്കുന്നതിന് മുമ്പ് കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ കുറിപ്പും "സയനൈഡ് കഴിച്ച് ജീവനൊടുക്കുന്നു" എന്ന സന്ദേശവും അയച്ചു.സന്ദേശം കണ്ട ബന്ധുക്കളും അയൽവാസികളും പൊലീസും സ്ഥലത്തെത്തി വാതിൽ തുറന്നപ്പോൾ സോഫയിൽ പരസ്പരം കൈകൾ കോർത്തുപിടിച്ച നിലയിൽ അമ്മയും മകളും മരിച്ചുകിടക്കുന്നതാണ് കണ്ടത്.

മൂന്ന് മാസം മുമ്പ് കുടുംബനാഥന്റെ മരണം ഉണ്ടായിരുന്നു. അതിന്റെ ആഘാതത്തിൽ നിന്ന് കുടുംബം പൂർണമായി മുക്തമായിരുന്നില്ല. സാധാരണക്കാർക്ക് ലഭിക്കാൻ പ്രയാസമുള്ള സയനൈഡ് ഇവർക്ക് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുടുംബ പശ്ചാത്തലം പരിശോധിച്ചപ്പോൾ സയനൈഡുമായി ബന്ധപ്പെട്ട ജോലിയോ മറ്റോ ആർക്കും ഇല്ലെന്ന് കണ്ടെത്തി. അതിനാൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags:
Next Story
Share it