Kaumudi Plus

കഴുത വെറും കഴുതയല്ല, മനുഷ്യനോളം ബുദ്ധി, കഠിനാധ്വാനിയും!

Donkeys are intelligent animals

കഴുത വെറും കഴുതയല്ല, മനുഷ്യനോളം ബുദ്ധി, കഠിനാധ്വാനിയും!
X



ഡോ. വേണു തോന്നയ്ക്കല്‍

കഴുത എന്ന് വിളിച്ച് നാം വ്യക്തികളെ ആക്ഷേപിക്കാറുണ്ട്. ആളുകളെ തരം താഴ്ത്തി കാണിക്കാനും ഒന്നിനും കൊള്ളാത്തവനും മരമണ്ടനും കഴിവു കെട്ടവനും എന്ന് അപമാനിക്കാനുമാണ് ഈ പ്രയോഗം.

ജീവ ലോകത്ത് ഒരുപാട് തരം മൃഗങ്ങളുണ്ട്. അവയ്ക്ക് ഒന്നിനും ഇല്ലാത്ത ആക്ഷേപമാണ് ഈ പാവം കഴുതകള്‍ക്ക് നാം ചാര്‍ത്തിയിരിക്കുന്നത്. കഴിവു കെട്ട മണ്ടനായ ഒരു മൃഗം എന്നാണ് കഴുതയെ കരുതുന്നത്. നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകത്ത് വിവിധ നാടുകളിലും സംസ്‌കാരങ്ങളിലും വിവിധ ഭാഷകളിലും ആ ധാരണ വച്ചു പുലര്‍ത്തുന്നവര്‍ ഉണ്ട്. അത്തരത്തിലുള്ള ധാരാളം പഴങ്കഥകളും നാം കേള്‍ക്കുന്നു.

എന്നാല്‍, കഴുതയെ സൂത്രശാലിയായി ചിത്രീകരിക്കുന്ന അപൂര്‍വം കഥകളും നാം കേട്ടിരിക്കുന്നു. ഉപ്പ് ചാക്കും ചുമന്ന് പുഴ കടന്ന കഴുതയുടെ കഥയറിയാമല്ലോ. ഈ കഥകളൊന്നും കഴുത ബുദ്ധിമാന്‍ എന്ന് കാണിക്കാന്‍ ഉണ്ടാക്കിയവയല്ല. മണ്ടനെ ബുദ്ധിമാന്‍ എന്ന് വിളിച്ച് കൂടുതല്‍ ആക്ഷേപിക്കാനുള്ള പ്രയോഗം എന്ന് കരുതിയാല്‍ മതി. നമുക്കിടയില്‍ പഠിക്കാത്ത വിദ്യാര്‍ത്ഥികളെ ഇവന്‍ പഠിക്കാന്‍ 'കേമന്‍' എന്ന് പറഞ്ഞ് ആക്ഷേപിക്കാറില്ലേ.

ശാന്തനും അനുസരണ ശീലമുള്ളവനും അധ്വാനിയുമായ നല്ലവനായ കഴുതയെ നമുക്ക് ആക്ഷേപിക്കാം. അവനോട് അകാരണമായി ക്ഷോഭിക്കാം. മറ്റൊരാള്‍ ചെയ്ത കുറ്റത്തിന് അവനെ ശാസിക്കുകയും ശിക്ഷിക്കുകയും ആവാം.

കഴുത ഒരു പാവം സാധു ജീവിയാണല്ലോ. അതിനാല്‍ നമുക്ക് അവയെ ആക്ഷേപിക്കുകയോ അവഗണിക്കുക ആവാം. സമൂഹം എന്നും അങ്ങനെയായിരുന്നു. കഴുതയോട് മാത്രമല്ല മനുഷ്യരുള്‍പ്പെടെ ഏതു സാധു ജീവിയോടും നാം അപ്രകാരമാണ് കഴുതയെ മണ്ടനായ ഒരു മൃഗം എന്നു ആക്ഷേപിക്കുമ്പോഴും കുറുക്കനെ ബുദ്ധിശാലിയായി വാഴ്ത്താന്‍ മറക്കുന്നില്ല. സിംഹം, കടുവ ഉള്‍പ്പെടെ ഇതര മൃഗങ്ങള്‍ക്കും നമുക്കിടയില്‍ വലിയ സ്ഥാനമാണ്. അവ നമ്മെ ആക്രമിക്കുന്ന ഇരപിടിയന്‍ ആണല്ലോ. ശക്തനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പ്രവണത നമുക്കിടയില്‍ പ്രബലമാണ്.

മിടുക്കന്‍ ചമഞ്ഞു നടക്കുന്നവരെയും അത് പ്രകടിപ്പിക്കുന്നവരെയും കണ്ണടച്ച് അംഗീകരിക്കുക നമുക്ക് ശീലമാണ്. അത്തരം ധാരണകള്‍ ഇനിയെങ്കിലും മാറ്റുക. കഴുത ഏറെ ബുദ്ധിയുള്ള ഒരു മൃഗമാണ്. അവയുടെ ബുദ്ധിയുടെ നിലവാരം 27.62% ആണ്. അത്രയല്ലേയുള്ളൂ എന്ന് പറഞ്ഞു നിങ്ങള്‍ ചിരിച്ചുതള്ളിയേക്കാം. മനുഷ്യയുടെ ബുദ്ധിയുടെ ശരാശരി നിരക്ക് 33.23% ആണ്. എങ്ങനെയുണ്ട്? ഇതര മൃഗങ്ങള്‍ക്ക് ബുദ്ധി കഴുതയ്ക്കും താഴെയാണ്.

ബുദ്ധിമാന്‍ മാത്രമല്ല, ആള്‍ കഠിനാധ്വാനിയും കൂടിയാണ്. യാതൊരു പരിഭവവും കൂടാതെ എത്ര ഭാരവും ചുമക്കും. അതിനാലാണ് പുരാതന കാലം മുതല്‍ക്കേ ഭാരം ചുമക്കാന്‍ കഴുതകളെ ഉപയോഗിച്ചിരുന്നത്. കച്ചവടക്കാരുടേയും കര്‍ഷകരുടേയും ചങ്ങാതിയായിരുന്നു കഴുത. പ്രാകൃത കാലത്തു നിന്നും ഇതുവരെയുള്ള സാംസ്‌കാരികവും കാര്‍ഷികവുമായ നമ്മുടെ യാത്രകളില്‍ കഴുത കൂട്ടിനുണ്ടായിരുന്നു. ഒരിക്കല്‍ യാത്ര ചെയ്ത വഴി തുടര്‍ന്നുള്ള യാത്രകളില്‍ അവന് നിശ്ചയമുണ്ടാകും.

യാതൊരു പരിഭവം കൂടാതെ അവന്‍ പണിയെടുക്കുന്നത് മണ്ടനായതു കൊണ്ടല്ല, തന്നെ പരിരക്ഷിക്കുന്ന യജമാനനെ അനുസരിക്കാനും സഹായിക്കാനും പ്രാപ്തിയുള്ളതിനാലാണ്. ലഭിക്കേണ്ട അവകാശങ്ങള്‍ക്കൊപ്പം അവന്റെ ഉത്തരവാദിത്വം മറക്കുന്നില്ല. വേണ്ടത്ര ക്ഷമയുള്ള ഒരു സസ്തനിയാണ് കഴുത. ഈ ക്ഷമയാണ് അവന് പാരയായത്.

കേട്ടല്ലോ. ഇനി ആരെയും കഴുതേ എന്ന് വിളിക്കരുത്. കഴുത എന്നാല്‍ ബുദ്ധിമാനും കഠിനാധ്വാനിയും നന്മകള്‍ ഉള്ളവനുമാണ്. അവന് ഒരു പ്രശ്നമുണ്ട്. ആള് കുറച്ചു മടിയനാണ്. എന്നാല്‍ ആവശ്യപ്പെട്ടാല്‍ പണിയെടുക്കാന്‍ പ്രയാസമില്ല.


Next Story
Share it