Kaumudi Plus

മന്ത്രിമാരുടെ വകുപ്പുകളിൽ തർക്കം മുറുകുന്നു ;വിജ്ഞാപനം വൈകുന്നു

മന്ത്രിമാരുടെ വകുപ്പുകളിൽ തർക്കം മുറുകുന്നു ;വിജ്ഞാപനം വൈകുന്നു
X

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് തർക്കം തുടരുന്നു . വകുപ്പ് സംബന്ധിച്ച് മന്ത്രിമാർ തമ്മിൽ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ തങ്ങളുടെ ആദ്യത്തെ വലിയ പരീക്ഷണത്തെയാണ് നേരിടുന്നത്. സ്ഥിതിഗതികൾ ഗുരുതരമായ ഘട്ടത്തിലെത്തിയതോടെ എഐസിസിക്ക് ഇടപെടേണ്ടി വന്നത് .മന്ത്രിമാരായ എ പി അനിൽ കുമാറും കെ മുരളീധരനും ആരോഗ്യ, ദേവസ്വം വകുപ്പുകൾക്കായുള്ള തങ്ങളുടെ അവകാശവാദങ്ങളിൽ നിന്ന് പിന്നോട്ട് പോകാൻ തയ്യാറാകാതിരുന്നതോടെയാണ് തർക്കം മൂർച്ഛിച്ചത്. അസംതൃപ്തി പരസ്യമായ ഒരു ഏറ്റുമുട്ടലിലേക്ക് വഴിമാറാതിരിക്കാൻ ഹൈക്കമാൻഡ് ഇടപെടുകയായിരുന്നു എന്ന് ഒരു കോൺഗ്രസ് നേതാവ് വ്യക്തമാക്കി. സർക്കാർ ഇതുവരെ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ പട്ടിക ലോക്ഭവനിലേക്ക് അയച്ചിട്ടില്ലെന്ന് യുഡിഎഫ് വൃത്തങ്ങൾ അറിയിച്ചു.

ഗവർണറുടെ ഓഫീസിന് പട്ടിക ലഭിച്ചതിനു ശേഷം മാത്രമേ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിക്കൂ എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ചൊവ്വാഴ്ച ഗവർണർ തിരുവനന്തപുരത്ത് ഉണ്ടാകില്ലെങ്കിലും അദ്ദേഹവുമായി കൂടിയാലോചിച്ച് അനുമതി വാങ്ങിയ ശേഷം വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയുമെന്നാണ് സൂചനകൾ.

വകുപ്പ് വിഭജനത്തെക്കുറിച്ച് സതീശനും കെപിസിസി നേതൃത്വവും തമ്മിൽ നടത്തിയ പ്രാഥമിക ചർച്ചകളിൽ, കഴിഞ്ഞ രണ്ട് യുഡിഎഫ് സർക്കാരുകളിലും മന്ത്രിയായിരുന്ന അനിൽ കുമാറിന് ആരോഗ്യ, ദേവസ്വം വകുപ്പുകൾ നൽകാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ, അവസാനവട്ട ചർച്ചകൾക്കിടെ ഈ രണ്ട് വകുപ്പുകൾക്കായി സതീശൻ കെ മുരളീധരനെ പിന്തുണച്ചതോടെയാണ് പ്രശ്‌നങ്ങൾ വഷളായതെന്ന് അനിൽ കുമാറുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ പരസ്യമായി പിന്തുണച്ച ചുരുക്കം ചില എംഎൽഎമാരിൽ ഒരാളായിരുന്നു മുരളീധരൻ.പാർട്ടി അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് തന്നെ മുരളീധരൻ ഈ വകുപ്പുകൾക്കായി പരസ്യമായി അവകാശവാദം ഉന്നയിച്ചതിലും അമർഷമുണ്ട്. 'വ്യവസായം, ആഭ്യന്തരം എന്നി വകുപ്പുകൾ യഥാക്രമം പി കെ കുഞ്ഞാലിക്കുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ലഭിക്കാനാണ് സാധ്യതയെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ രണ്ട് നേതാക്കളും പരസ്യ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. എന്നാൽ താൻ അടുത്ത ആരോഗ്യവകുപ്പ് മന്ത്രിയാകുമെന്ന് മുരളീധരൻ പ്രഖ്യാപിച്ചു. ഇത് അംഗീകരിക്കാൻ കഴിയില്ല,'- കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ ഒരു അംഗം പറഞ്ഞു.

ലീഗിന് ഫിഷറീസ് വകുപ്പ് നൽകുന്നതിനെ സംബന്ധിച്ചും തർക്കം നിലനിൽക്കുന്നുണ്ട്. ഫിഷറീസ് ലീഗിന് കൊടുക്കരുത് എന്ന് കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ആവശ്യപ്പെടുന്നു. ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന് നൽകണമെങ്കിൽ ഫിഷറീസ് വേണമെന്ന് ലീഗ് ആവശ്യപ്പെടുന്നു. ഇതാണ് പ്രധാന തർക്കം.

Next Story
Share it