രൂക്ഷമായ വായുമലിനീകരണത്തിന്റെ പിടിയിൽ ഡൽഹി ;ആശുപത്രികളില്‍ രോഗികള്‍ വർധിച്ചു

ന്യൂഡല്‍ഹി: രൂക്ഷമായ വായുമലിനീകരണത്തിന്റെ പിടിയിൽ ഡല്‍ഹിയും ദേശീയ തലസ്ഥാന മേഖലയായ എന്‍സിആറും. വായുഗുണനിലവാരം അപകടകരമായ നിലയിലേക്ക് താഴ്ന്നതോടെ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പങ്കുവച്ച് എയിംസ് മുന്‍ ഡയറക്ടറും പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ. രണ്‍ദീപ് ഗുലേറിയ രംഗത്തെത്തി. ഡല്‍ഹിയിലെ നിലവിലെ വായുമലിനീകരണത്തെ 'നിശ്ശബ്ദ പകര്‍ച്ചവ്യാധി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.വായുമലിനീകരണത്തെ തുടര്‍ന്ന് ആശുപത്രികളിലെ ഒപി വിഭാഗങ്ങളിലും അത്യാഹിത വിഭാഗങ്ങളിലും ശ്വാസതടസ്സവുമായി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായതായി ഡോ. ഗുലേറിയ പറഞ്ഞു. ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ, ഹൃദ്രോഗം തുടങ്ങിയവയുള്ളവരില്‍ ശ്വാസതടസ്സവും നെഞ്ചിലെ അസ്വസ്ഥതയും കൂടുകയാണ്. എന്നാല്‍ നേരത്തെ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരിലും തൊണ്ടയിലെ അസ്വസ്ഥത, ചുമ, ശ്വാസംമുട്ടല്‍, ശ്വാസം പുറത്തുവിടുമ്പോഴുള്ള വിസില്‍ ശബ്ദം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.നേരത്തെ എയിംസും ഡല്‍ഹിയിലെ മറ്റ് ആശുപത്രികളും നടത്തിയ പഠനങ്ങള്‍ പ്രകാരം വായുഗുണനിലവാരം മോശമാകുമ്പോള്‍ നാല് മുതല്‍ ആറ് ദിവസത്തിനുള്ളില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി അത്യാഹിത വിഭാഗത്തിലെത്തുന്നവരുടെ എണ്ണം പെട്ടെന്ന് വര്‍ധിക്കുന്നുണ്ട്. ഇവരില്‍ പലര്‍ക്കും ആശുപത്രിയില്‍ പ്രവേശനം ആവശ്യമായി വരികയും ചിലര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടേണ്ടിവരികയും ചെയ്യുന്നുണ്ട്

