Kaumudi Plus

വീരപ്പന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് ;സൺടിവി 10 ലക്ഷം നൽകണം;28 വർഷത്തെ പോരാട്ടത്തിൽ സുകന്യക്ക് നീതി

വീരപ്പന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് ;സൺടിവി 10 ലക്ഷം നൽകണം;28 വർഷത്തെ പോരാട്ടത്തിൽ സുകന്യക്ക് നീതി
X

ചെന്നൈ: 1996 ഏപ്രിൽ 17 ന് സൺടിവി സംപ്രേക്ഷണം ചെയ്ത വീരപ്പന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ തെന്നിന്ത്യൻ താരം സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സൺ ടിവിയോട് മദ്രാസ് ഹൈക്കോടതി.

ഇതിനെതിരെ സുകന്യ നൽകിയ മാനനഷ്ടക്കേസിൽ 2015 ൽ വിചാരണകേകോടതി അനുകൂല ഉത്തരവിറക്കിയിരുന്നു. അതിനെതിരെ സൺടിവി നെറ്റ്‌വർക്ക് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. കുമരേഷ് വിധി പ്രഖ്യാപിച്ചത്.സുകന്യക്ക് 10,00,500 രൂപ നഷ്ടപരിഹാരം നൽകാനുള്ള 2015 ലെ വിചാരണ കോടകി വിധിയാണ് മദ്രാസ് ഹൈക്കോടതി ശരിവെച്ചത്. അതിനു പുറമെ അഭിമുഖത്തിലെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ ഭാവിയിൽ പ്രസിദ്ധീകരിക്കപ്പെടുന്നതിനും കോടതി സ്ഥിരം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

സൺടിവിയിൽ നക്കീരൻ എഡിറ്റർ ആർ ആർ ഗോപാൽ വീരപ്പനുമായി നടത്തിയ അഭിമുഖം സൺടിവി 'നേരുക്കുനേർ' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് സംപ്രേക്ഷണം ചെയ്തിരുന്നു. അഭിമുഖത്തിൽ സുകന്യക്ക് പിവി നരസിംഹ റാവുവിന്റെ മകനുമായി അവിഹിത ബന്ധമുണ്ടെന്നും അതു വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും വീരപ്പൻ ആരോപിച്ചു. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണം തന്റെ സൽപ്പേരിനെയും തൊഴിലിനെയും വ്യക്തിജീവിതത്തെയും ബാധിച്ചതായും മാനസികാഘാതമുണ്ടാക്കിയതായും ചൂണ്ടിക്കാട്ടി സുകന്യ കോടതിയെ സമീപിക്കുകയായിരുന്നു.അഭിമുഖം തങ്ങളുടെതല്ലെന്നും നക്കീരന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യുകമാത്രമാണ് ചെയ്തതെന്നും സൺടിവി വാദിച്ചു. എന്നാൽ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിനു മുൻപ് അത് എഡിറ്റു ചെയ്യാനും അനാവശ്യ ഭാഗങ്ങൾ ഒഴിവാക്കാനും മാറ്റം വരുത്താനുമുള്ള പൂർണ അധികാരം സൺടിവിക്ക് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി വാദം തള്ളി.

എഡിറ്റോറിയൽ നിയന്ത്രണമുള്ളതിനാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി പറഞ്ഞു. വിവരങ്ങളുടെ സത്യാവസ്ഥ സുകന്യയോടോ മറ്റ് കേന്ദങ്ങളോടോ അന്വഷിക്കാൻ ചാനൽ തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.അഭിമുഖം വിവാദമായതിനു പിറകേ തമിഴ് മാഗസിനിലൂടെ സുകന്യയോട് ക്ഷമാപണം നടത്തിയിരുന്നുവെന്നും സൺടിവി കോടതിയെ അറിയിച്ചു. എന്നാൽ സ്വന്തം ചാനലിലൂടെ ചെയ്ത തെറ്റിന് മറ്റൊരു മാധ്യമത്തിലൂടെ നടത്തിയ ക്ഷമാപണം അംഗീകരിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. തെറ്റായ വാർത്ത കണ്ട അതേ പ്രേക്ഷകരിലേക്ക് ക്ഷമാപണം എത്തണമെങ്കിൽ അതേ ചാനലിലൂടെതന്നെ ക്ഷമ പറയണമായിരുന്നുവെന്നും അതിലെ വീഴ്ച ചാനലിന്റെ ദുരുദ്ദേശമാണ് വ്യക്തമാക്കുന്നതെന്നും കോടതി വിധിയിൽ പറയുന്നു.

Next Story
Share it