Kaumudi Plus

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി
X

കോഴിക്കോട് : സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമം​ഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഇതോടെ ഷിംജിത റിമാൻഡിൽ തുടരും.കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാൽ പ്രതിയായ ഷിംജിത സാക്ഷികളെ സ്വാധീനിക്കുമെന്നും കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ മെഡിക്കൽ കോളജ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് കൂടി പരിശോധിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു.

കേസിൽ ബസ് ജീവനക്കാരുടേയും മറ്റ് യാത്രക്കാരുടേയും മൊഴി രേഖപ്പെടുത്താനുണ്ട്. അതിനാൽ ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളായ ഇവരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വീഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും ദുരുദ്ദേശത്തോടെയാണ്. അതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യഹർജി കോടതി തള്ളിയത്.എന്നാൽ ദീപക്കിനെ മുൻ പരിചയമില്ലെന്നും, ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നുമാണ് ഷിംജിത വാദിച്ചത്. ഈ മാസം 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പയ്യന്നൂരിൽ വെച്ച് തിരക്കുള്ള സ്വകാര്യ ബസിൽ വെച്ച്, ദീപക് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചുള്ള വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. ഇതിൽ മനംനൊന്ത് ഗോവിന്ദപുരം സ്വദേശിയായ ദീപക് വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Next Story
Share it