തീരാനോവായി ദീപക് ; നഷ്ടമായത് കുടുംബത്തിന്റെ അത്താണിയായ ഏക മകൻ

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ സംഭവം അതീവ വേദനയോടെയാണ് എല്ലാവരും കേട്ടത് . .ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവതി ആരോപിച്ചത്. തന്റെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിനു ആളുകള്‍ കണ്ടതില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ദീപക്കെന്ന് ബന്ധുക്കള്‍ പറഞ്ഞു .
23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്.
കണ്ണൂരില്‍ പോയി വന്നതിനു ശേഷം ദീപക് വളരെയധികം മാനസിക പ്രയാസത്തിലായിരുന്നു . എന്നാല്‍ ദീപകിന്റെ മാതാപിതാക്കൾ ഈ സംഭവത്തെ കുറിച്ച് അറിയാന്‍ താമസിച്ചു. അതേസമയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു ബന്ധു സനീഷിനെ ദീപക്ക് ഫോണില്‍ വിളിച്ചിരുന്നു. പിറ്റേന്ന് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനുമുന്‍പേ ദീപക് ആത്മഹത്യ ചെയ്തു. ഫോണ്‍ സംഭാഷണത്തില്‍ സംഭവത്തെ കുറിച്ച് ദീപക് ഒന്നും പറഞ്ഞിരുന്നില്ലെന്നും സനീഷ് പറഞ്ഞു.കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയില്‍ പ്രവര്‍ത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനു കണ്ണൂരില്‍ പോയിരുന്നു.
ഈ സമയം ബസില്‍ വച്ച് അപമര്യാദയായി പെരുമാറി എന്നു കാട്ടിയാണ് ഒരു യുവതി റീല്‍സ് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മറ്റുള്ളവരില്‍ നിന്ന് ഇത്തരത്തില്‍ വിഡിയോ പ്രചരിക്കുന്ന വിവരം അറിഞ്ഞ ദീപക് ഏറെ വിഷമത്തില്‍ ആയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.ഈ സംഭാവത്തോടുകൂടി നഷ്ടമായത് മാതാപിതാക്കൾക്ക് താങ്ങും തണലുമായിരുന്ന ഏകമകനെ ആണ് .
ജീവിതത്തിന്റെ അവസാന കാലത്ത് താങ്ങാവേണ്ട മകന്‍ മുന്നില്‍ അനക്കമില്ലാതെ കിടക്കുമ്പോള്‍ അവനൊപ്പം പോകാന്‍ ആഗ്രഹിക്കുന്ന ഒരമ്മയുടെ നിസ്സഹായമായ കരച്ചില്‍ ആണ് വേദനജനകം . എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവന്‍ നഷ്ടമായത്. സോഷ്യല്‍മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകര്‍ക്കാന്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകള്‍ അറിയാതെ ലോകം ഒരാള്‍ക്കെതിരെ തിരിയും... ചിലര്‍ക്ക് താങ്ങാന്‍ കഴിഞ്ഞേക്കാം ... എന്നാല്‍ ദീപകിന് അതിന് കഴിഞ്ഞില്ല... അപമാനഭാരത്താല്‍ അവന്‍ പോകാന്‍ തീരുമാനിച്ചു... തകര്‍ത്തത് ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷ തന്നെയായിരുന്നു.

