Kaumudi Plus

അജിത് പവാറിന്റെ മരണത്തിനു പിന്നാലെ മഹാരാഷ്ട്രയിലെ എന്‍സിപിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അജിത് പവാറിന്റെ മരണത്തിനു പിന്നാലെ മഹാരാഷ്ട്രയിലെ എന്‍സിപിയില്‍ നിര്‍ണായക ചര്‍ച്ചകള്‍
X

മുംബൈ: അജിത് പവാറിന്റെ മരണത്തിനു പിന്നാലെ മഹാരാഷ്ട്രയിലെ എൻസിപിയിൽ നിർണായക ചർച്ചകൾ. അജിത് പവാറിനു പകരം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്, എൻസിപി ശരദ് പവാർ പാർട്ടിയുമായുള്ള ലയനം തുടങ്ങിയവ ചർച്ചയാകും. രണ്ട് എൻസിപി പാർട്ടികളും ഒന്നാകണമെന്ന് അജിത് പവാർ ആഗ്രഹിച്ചിരുന്നു. ഇതിനായുള്ള ചർച്ചകളും നടന്നിരുന്നുവെന്ന് പവാറിന്റെ അടുത്ത അനുയായി വ്യക്തമാക്കിയിരുന്നു.

ജനുവരി 17 ന് ശരദ് പവാറിന്റെ ഗോവിന്ദ് ബാഗിലെ വീട്ടിലെത്തി ഇരു എൻസിപികളും ഒന്നിക്കുന്നതിനെക്കുറിച്ച് അജിത് പവാർ സംസാരിച്ചിരുന്നുവെന്ന് മുതിർന്ന എൻസിപി നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞു. രണ്ടു പാർട്ടികളും ഒന്നിക്കുക എന്നതായിരുന്നു അജിത് ദാദയുടെ ലക്ഷ്യം.

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യത്തിൽ മത്സരിക്കാനും അതിനുശേഷം പുനരേകീകരണത്തെക്കുറിച്ച് തീരുമാനമെടുക്കാനുമായിരുന്നു ധാരണയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, അജിത് പവാറിന് പകരം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭാര്യ സുനേത്ര പവാറിനെ ഉയർത്തിക്കൊണ്ടു വരാൻ പാർട്ടിയിൽ നീക്കമുണ്ട്. നിലവിൽ രാജ്യസഭാംഗമാണ് സുനേത്ര. ബരാമതിയിൽ ഉപതെരഞ്ഞെടുപ്പിൽ സുനേത്ര സ്ഥാനാർത്ഥിയാകുമെന്നും, തുടർന്ന് എൻസിപി നിയമസഭാകക്ഷി നേതാവാകുമെന്നുമാണ് പാർട്ടി നേതാക്കൾ സൂചിപ്പിക്കുന്നത്.

മുതിർന്ന എൻസിപി മന്ത്രി നർഹരി സിർവാൾ ഇതിനോടകം സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിർദേശം ഉയർത്തിക്കഴിഞ്ഞു.അജിത് പവാറുമായി വളരെ അടുപ്പമുള്ള നർഹരി സിർവാൾ, എൻസിപിയുടെ മുതിർന്ന നേതാവായ ശരദ് പവാറുമായും നല്ല ബന്ധത്തിലാണ്. ഇരു എൻസിപികളും തമ്മിലുള്ള ലയന ചർച്ചകളിലും സിർവാൾ മുഖ്യ പങ്കുവഹിച്ചിരുന്നു.

മറാഠാ നേതാവിനെ മാത്രമേ പാർട്ടി എംഎൽഎമാർ നിയമസഭാകക്ഷി നേതാവായി അംഗീകരിക്കുകയുള്ളൂ എന്നാണ് വിലയിരുത്തൽ. സുനേത്ര രാജിവെക്കുന്ന രാജ്യസഭ സീറ്റിലേക്ക് അജിത് പവാറിന്റെ മൂത്തമകൻ പാർത്ഥ് പവാറിനെ മത്സരിപ്പിക്കണമെന്നുമാണ് നിർദേശം ഉയർന്നിട്ടുള്ളത്.

Next Story
Share it