ഇടതുകോട്ടകൾ തകർത്ത് കോൺഗ്രസ്സിന്റെ പടയോട്ടം തുടരുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടകൾ തകർത്ത് യുഡിഎഫിന്റെ പടയോട്ടം. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള വോട്ടെണ്ണലിന്റെ കണക്ക് അനുസരിച്ച് യുഡിഎഫ് 103 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 35 ഇടത്ത് മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. എൻഡിഎ രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്.കോൺഗ്രസ് മാത്രം 63 ഇടത്താണ് മുന്നിട്ട് നിൽക്കുന്നത്. സിപിഎം 25 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് ഘടകകക്ഷിയായ ലീഗ് 23 ഇടത്താണ് ലീഡ് ഉയർത്തുന്നത്. എൽഡിഎഫ് ഘടകകക്ഷിയായ സിപിഐ 9 ഇടത്ത് മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഏഴ്, ആർഎസ്പി 3, ആർഎംപി 1, സിഎംപികെഎസ് സി 1 എന്നിങ്ങനെയാണ് യുഡിഎഫിലെ മറ്റു ഘടകകക്ഷികളുടെ ലീഡ് നില.
2001ന് ശേഷം ആദ്യമായാണ് യുഡിഎഫിന്റെ സീറ്റ് നില നൂറ് കടക്കുന്നത്. അന്ന് എ കെ ആന്റണിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2001ൽ 101 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്. ഇത്തവണ 103 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ഉയർത്തുന്നത്. വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം എന്നി ജില്ലകൾ തൂത്തുവാരിയാണ് യുഡിഎഫ് ലീഡ് ഉയർത്തിയത്.കോഴിക്കോട് 13ൽ 12 ഇടത്തും പാലക്കാട് 12ൽ അഞ്ചിടത്തും തൃശൂരിൽ 13ൽ ഏഴിടത്തും ആലപ്പുഴയിൽ 9ൽ ആറിടത്തും പത്തനംതിട്ടയിൽ അഞ്ചിൽ നാലിടത്തും കൊല്ലത്ത് 11ൽ 9 ഇടത്തും തിരുവനന്തപുരത്ത് 14ൽ അഞ്ചിടത്തും കാസർകോട് അഞ്ചിൽ നാലിടത്തും കണ്ണൂരിൽ 11ൽ ആറിടത്തുമാണ് യുഡിഎഫ് മുന്നിട്ടു നിൽക്കുന്നത്. എൽഡിഎഫിന് തിരുവനന്തപുരത്തും പാലക്കാടും മാത്രമാണ് മുന്നിട്ടുനിൽക്കാൻ സാധിച്ചത്.

