കൃത്യം സുതാര്യം ; വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം

ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സമാഹരിച്ച പണത്തിന്റെ കണക്ക് പുറത്തു വിട്ട് സിപിഎം . സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയാണ് കണക്കുകൾ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചത്. സിപിഎം കേന്ദ്രക്കമ്മിറ്റി വയനാട് ദുരിതാശ്വാസ നിധി എന്ന പേരിലാണ് പ്രത്യേക ഫണ്ട് സ്വരൂപിച്ചത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതായും സിപിഎം ജനറൽ സെക്രട്ടറി അറിയിച്ചു.പഞ്ചാബ് & സിന്ധ് ബാങ്ക് അക്കൗണ്ട് നമ്പർ 07621000432853 എന്ന അക്കൗണ്ടിലേക്കാണ് സംഭാവനകൾ സ്വീകരിച്ചത്. സ്വരൂപിച്ച തുക 2025 മാർച്ച് 21 ന് 92,00,000 ഉം 2025 മെയ് 26 ന് 99,000 ഉം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. ഇതിന്റെ രസീതുകളും സിപിഎം പുറത്തു വിട്ടിട്ടുണ്ട്.
പാർട്ടിയുടെ വർഗ ബഹുജന സംഘടനകളും സിഎംഡിആർഎഫിലേക്ക് പണം സ്വരൂപിച്ച് സംഭാവന നൽകിയിട്ടുണ്ട്. അഖിലേന്ത്യാ കിസാൻ സഭ നേതൃത്വവും കേരള കർഷക സംഘവും തിരുവനന്തപുരത്തെ ഓഫീസിൽ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.സിപിഎം എല്ലാ അക്കൗണ്ടുകളെക്കുറിച്ചും എപ്പോഴും സുതാര്യത പുലർത്തിയിട്ടുണ്ട്. സുപ്രീം കോടതിയും ഇതിന് ഞങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും ഒരു വിഭാഗം മാധ്യമങ്ങളുമാണ് ഇപ്പോൾ ഈ വിവാദം ഉയർത്തിക്കൊണ്ടുവന്നത്. എന്നാൽ അവർ ആ ഉത്തരവാദത്തിൽ പരാജയപ്പെട്ടിരിക്കുന്നു. ഞങ്ങൾ കാണിച്ച മാതൃക പിന്തുടരാൻ ഞങ്ങൾ മറ്റു പാർട്ടികളോട് അഭ്യർത്ഥിക്കുന്നുവെന്നും സിപിഎം അഭിപ്രായപ്പെട്ടു.

