മാനസിക വെല്ലുവിളി നേരിടുന്നവർക്ക് അധിക്ഷേപം ;സലിംകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ചെന്ന് കാട്ടി ദി നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ദ റൈറ്റ്‌സ് ഓഫ് ദ് ഡിസേബിൾഡ് സംഘടനനടൻ സലീം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി .കഴിഞ്ഞ കോൺഗ്രസിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് നടത്തിയ പ്രസംഗമാണ് നടന് കുരുക്കായിരിക്കുന്നത് , മാനസിക വെല്ലുവിളി നേരിടുന്നവരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയ സലീം കുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്നാണ് പരാതിയിലെ ആവശ്യം.പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ വച്ചായിരുന്നു സലീം കുമാറിന്റെ പരിഹാസം നിറഞ്ഞ പ്രസംഗം.
ലോകത്ത് ഒരിടത്തും ഇല്ലാത്ത തള്ളുമായി നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് പരിഹസിച്ചായിരുന്നു നടൻ സലീം കുമാർ രംഗത്തെത്തിയത്.അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുകയുണ്ടായി. അതിൽ അമേരിക്കയിൽ നിന്നും വന്ന ഒരാൾ കേരളം കണ്ടപ്പോൾ അമേരിക്ക പോലും തോൽക്കുന്ന മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പറഞ്ഞതായി മുഖ്യമന്ത്രി പറയുകയുണ്ടായി. അന്നേരം തനിക്ക് ആ പയ്യൻ ആരായിരിക്കുമെന്നും അയാൾ എവിടെ ആയിരിക്കുമെന്നും സംശയം ഉയർന്നു. താൻ ഈ പയ്യനെ അന്വേഷിച്ച് ചെന്നു. പയ്യനെ കാണാൻ പറ്റി. അയാൾ ഊളംപാറയിലുള്ള മാനസികാശുപത്രിയിലായിരുന്നു. അവന്റെ അച്ഛനോട് ചോദിച്ചപ്പോൾ കേരളം കണ്ടപ്പോൾ അമേരിക്ക പോലെയെന്ന് പറഞ്ഞതോടെ അവനെ അവിടെ പ്രവേശിപ്പിച്ചതാണെന്ന മറുപടിയാണ് കിട്ടിയതെന്ന് സലീം കുമാർ പറഞ്ഞു.
വ്യവസായ സൗഹൃദവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരു വ്യവസായി മൂന്ന് ലക്ഷം കോടി മുടക്കുമെന്ന് അടുത്തിടെ പറയുകയുണ്ടായി. ആ വ്യവസായിയെ അന്വേഷിച്ച് ചെന്നപ്പോൾ അയാൾ ഊളംപാറയിൽ ആ പയ്യൻ കിടക്കുന്ന അടുത്ത വാർഡിലായിരുന്നുവെന്നും മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ തള്ളുമായി നടക്കുകയാണെന്നും സലീം കുമാർ പരിഹസിച്ചിരുന്നു.

