'കർക്കശക്കാരൻ' എന്നത് വലതുപക്ഷ മാധ്യമങ്ങളുടെ ബ്രാൻഡിങ് മാത്രം': പിണറായി
CM Pinarayi Vijayan on news related to him during his talk with actor Mohanlal

കൊച്ചി: തനിക്ക് 'കർക്കശക്കാരൻ' എന്ന വിളിപ്പേര് നൽകിയത് മാധ്യമങ്ങളാണെന്നും, അത് വലതുപക്ഷ മാധ്യമങ്ങളുടെ ബ്രാൻഡിങ് മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സിപിഐഎം നേതാവും ഇടതുപക്ഷ പ്രവർത്തകനുമായ താൻ സാധാരണക്കാരനിൽ നിന്ന് വ്യത്യസ്തനാണെന്ന് കാണിക്കാൻ ചിലർക്ക് താത്പര്യമുണ്ട്. മനുഷ്യന് പല ഭാവങ്ങളുണ്ട്; ചിലപ്പോൾ ക്ഷോഭം പ്രകടിപ്പിക്കുന്ന ഭാവങ്ങളാണ് മാധ്യമങ്ങൾ ഏറ്റെടുക്കുന്നതെന്നും മറ്റു ഭാവങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുന്നതാണെന്നും അദ്ദേഹം മോഹൻലാലിനോടുള്ള സംഭാഷണത്തിൽ വ്യക്തമാക്കി.
തനെക്കുറിച്ചുള്ള വാർത്തകളിൽ ആകുലപ്പെടാറില്ലെന്നും അതിനെ സ്വാഭാവികമായി കാണുന്നതാണെന്നും പിണറായി പറഞ്ഞു. താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയോടുള്ള എതിർപ്പാണ് തനിക്കെതിരെയുള്ളതിന്റെ കാരണമെന്നും അത്തരം എതിർപ്പുകളോട് ഈർഷ്യയോ വിദ്വേഷമോ തോന്നാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ വന്ന വാർത്തകളുടെ പേരിൽ ഒരു മാധ്യമസ്ഥാപനത്തെയും വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മറക്കാനാവാത്ത യാത്രകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സിംഗപ്പൂർ യാത്രയെക്കുറിച്ചും പിണറായി സംസാരിച്ചു. ലാവലിൻ കേസുമായി ബന്ധപ്പെട്ട് പിന്നീട് വലിയ വിവാദങ്ങൾ ഉയർന്നുവന്ന ആ യാത്ര, മന്ത്രി സ്ഥാനം രാജിവെച്ച ശേഷം കുടുംബത്തോടൊപ്പമുള്ള ഒരു ആസ്വാദനയാത്രയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ യാത്രയെക്കുറിച്ചുള്ള വാർത്തകളിൽ അന്നും ഇന്നും യാതൊരു വിഷമവും തോന്നിയിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

