ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആൺസുഹൃത്ത് അലൻ: മദ്യലഹരിയിൽ വഴക്കിട്ടപ്പോൾ കല്ലെടുത്ത് തലയ്ക്കടിച്ചു കൊന്നു
Chithrapriya murdered by boyfriend Alan: Struck with stone on the head in drunken fight

കൊച്ചി: മലയാറ്റൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആൺസുഹൃത്ത് അലനാണെന്ന് സമ്മതിച്ചു.
മദ്യപിച്ച് ലഹരിയിലായിരുന്നു കൊലപാതകമെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. ചിത്രപ്രിയയുമായി വഴക്കുണ്ടായപ്പോൾ കൈയിൽ കിട്ടിയ വെട്ടുകല്ലെടുത്ത് തലയ്ക്ക് ശക്തിയായി അടിച്ചുവെന്നാണ് അലൻ മൊഴി നൽകിയത്.
ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ചിത്രപ്രിയ അലനോടൊപ്പം ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.
രണ്ട് ദിവസമായി ചിത്രപ്രിയയെ കാണാതായതിനെ തുടർന്ന് വ്യാപക തിരച്ചിൽ നടന്നു വരികയായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വെട്ടുകല്ലുകൾ കൂട്ടിയിട്ടിരുന്നതും അതിൽ രക്തം പുരണ്ടിരുന്നതും പൊലീസിന്റെ സംശയം ശരിവെച്ചു. ഇതേത്തുടർന്ന് ഇന്നലെ തന്നെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിൽ എത്തിയിരുന്നു.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയ (ഏവിയേഷൻ ബിരുദ വിദ്യാർഥിനി, ബെംഗളൂരു)യെ വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപം സെബിയൂർ റോഡരികിലുള്ള ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്ന മൃതദേഹം ജീർണിച്ചു തുടങ്ങിയിരുന്നു. തലയ്ക്ക് പിന്നിൽ ആഴത്തിലുള്ള മുറിവ് കണ്ടതോടെ കൊലപാതകമാണെന്ന് പൊലീസിന് ഉറപ്പായി.
ശനിയാഴ്ച അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടിൽനിന്നിറങ്ങിയത്. തിരിച്ചെത്താതായതിനെ തുടർന്ന് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ നാട്ടുകാർ ദുർഗന്ധം അനുഭവപ്പെട്ടെന്ന് അറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചിത്രപ്രിയയെ കാണാതാകുന്നതിന് തൊട്ടുമുമ്പ് ഫോണിൽ സംസാരിച്ചവരായിരുന്നു ഇവർ. അവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അലനെ പിടികൂടി ചോദ്യം ചെയ്തത്; തുടർന്ന് കൊലപാതകം സമ്മതിച്ചതായി പൊലീസ് പറയുന്നു.

