പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധുക്കൾ: അന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം
Chithrapriya Murder Case: CCTV visuals released by police not Chithrapriya's, say relatives; cites major investigation lapse

മലയാറ്റൂർ: ബിരുദ വിദ്യാർഥിനി ചിത്രപ്രിയയെ (19) കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണത്തിനെതിരെ കടുത്ത വിമർശനവുമായി ബന്ധുക്കൾ രംഗത്തെത്തി.
പൊലീസ് മാധ്യമങ്ങൾക്ക് കൈമാറിയ സിസിടിവി ദൃശ്യങ്ങളിൽ “രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്ന” പെൺകുട്ടി ചിത്രപ്രിയ തന്നെയല്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ബന്ധുക്കൾ നടത്തുന്നത്.
“ആ ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ല. തെറ്റായ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്നത്. ഈ കാര്യം ഞങ്ങൾ പൊലീസിനെ നേരിട്ട് അറിയിച്ചിട്ടുണ്ട്,” ചിത്രപ്രിയയുടെ ബന്ധുവായ ശരത് ലാൽ പറഞ്ഞു.
ചിത്രപ്രിയയുടെ സുഹൃത്ത് കൊറ്റമം കുറിയേടം അലൻ ബെന്നിയെ ( 21) കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മദ്യലഹരിയിൽ ചിത്രപ്രിയയെ കൊലപ്പെടുത്തിയെന്നുമാണ് അലൻ പൊലീസിനു നൽകിയ മൊഴി. ചെവിക്കു താഴെ കല്ലു കൊണ്ട് അടിയേറ്റതിനെ തുടർന്നുള്ള മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മലയാറ്റൂർ അടിവാരത്തിനു സമീപം സെബിയൂർ, കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പിൽ താൽക്കാലിക ഫയർ വാച്ചറായ ഷൈജുവിന്റെയും കേറ്ററിങ്ങ് ജോലിക്കു പോകുന്ന ഷിനിയുടെയും മകളായ ചിത്രപ്രിയ ബെംഗളൂരുവിൽ ബിബിഎ ഏവിയേഷൻ ഒന്നാം വർഷ വിദ്യാർഥിനിയാണ്. ഒരു ആഴ്ച മുൻപാണ് നാട്ടിലെത്തിയത്.
അതേസമയം, കൊല്ലപ്പെട്ട ചിത്രപ്രിയയും അലനും തമ്മിൽ നേരത്തെയും പലതവണ വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പെൺകുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്.
എന്നാൽ പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ തന്നെ തെറ്റാണെന്ന ബന്ധുക്കളുടെ ആരോപണം കേസന്വേഷണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതായി മാറുകയാണ്.

