Kaumudi Plus

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം; 178 വീടുകൾ കൈമാറി മുഖ്യമന്ത്രി

Chief Minister Pinarayi Vijayan inaugurated the first phase of the Wayanad Township

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം; 178 വീടുകൾ കൈമാറി മുഖ്യമന്ത്രി
X

വയനാട്: വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അടുത്ത മഴക്കാലത്തിന് മുമ്പ് എല്ലാ ദുരന്തബാധിതർക്കും സ്വന്തം ഭൂമിയും വീടും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഈ പുനരധിവാസ ശ്രമം എളുപ്പമായിരുന്നില്ലെന്നും എല്ലാ കോണുകളിൽ നിന്നും ലഭിച്ച പിന്തുണയോടെയാണ് മുന്നോട്ടുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി ആരംഭിച്ചപ്പോൾ വ്യാജ പ്രചാരണങ്ങൾ, കേന്ദ്ര സഹായ നിഷേധം, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ, കോടതി വ്യവഹാരങ്ങൾ തുടങ്ങിയ നിരവധി തടസങ്ങൾ നേരിട്ടു. ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകരുതെന്ന് ചിലർ പ്രചരിപ്പിക്കുകയും ചെയ്തു. ചില മാധ്യമങ്ങൾ പോലും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് പദ്ധതിയെ തകർക്കാൻ ശ്രമിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക യുദ്ധങ്ങളിൽ പോലും യുദ്ധനീതി ഉണ്ടായിരുന്നപ്പോൾ, ഇവിടെ പുനരധിവാസ പദ്ധതിക്കെതിരെ വൈരാഗ്യത്തോടെയുള്ള ഇടപെടലുകൾ നടന്നതായും, അതിൽ യുദ്ധനീതി പോലും കാണാനില്ലായിരുന്നുവെന്നും പിണറായി വിജയൻ വിമർശിച്ചു.

എന്നാൽ തുടക്കം മുതലേ പദ്ധതി പൂർത്തിയാകുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. എല്ലാവരും ഈ ആശയത്തോട് യോജിച്ചു, സഹകരിച്ചു. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ സഹായത്തിന് മുന്നോട്ടുവന്നു. ഇതിലൂടെ പാരസ്പര്യത്തിന്റെ കേരള മാതൃക ലോകം വീണ്ടും കണ്ടതായി മുഖ്യമന്ത്രി അഭിമാനത്തോടെ പറഞ്ഞു.

ഉരുൾപൊട്ടലിൽ വീടും ഭൂമിയും പൂർണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ കൈമാറിയത്. ഓരോ വീടിനും 1000 ചതുരശ്രയടി വിസ്തീർണവും 7 സെന്റ് ഭൂമിയുടെ പട്ടയവും നൽകും. നിർമാണം ആരംഭിച്ച് 320-ാം ദിവസമാണ് ആദ്യഘട്ടം പൂർത്തിയായത്.2024 ജൂലൈ 29ന് രാത്രി പുഞ്ചിരിമട്ടം-മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഭീകര ദുരന്തത്തിൽ ഒരു ജനതയാകെ ഒലിച്ചുപോയി. എല്ലാം നഷ്ടപ്പെട്ടവർ വീണ്ടും ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹത്തോടൊപ്പം സർക്കാർ ഉറച്ചുനിന്നു. അസാധ്യമെന്ന് തോന്നിയത് ഇച്ഛാശക്തിയോടെ സാധ്യമാക്കി.

ചുറ്റുമതിൽ, ഗേറ്റ്, 11.42 കിലോമീറ്റർ റോഡ്, ഭൂഗർഭ വൈദ്യുത-ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സോളാർ പാനലുകൾ, ഗ്രീൻ സ്പേസുകൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് ടൗൺഷിപ്പ് സജ്ജമായിരിക്കുന്നത്.

Tags:
Next Story
Share it