‘ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് നടന്നു; കോൺഗ്രസിലെ സ്ത്രീ ലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? കൊന്നു തള്ളുമെന്നാണ് പറഞ്ഞത്’: മുഖ്യമന്ത്രി
Chief Minister Pinarayi Vijayan after voting in the local body polls

കണ്ണൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്രപരമായ വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എൽഡിഎഫ് ശക്തമായ ആത്മവിശ്വാസത്തിലാണ്. ജനങ്ങളിൽ നിന്ന് വൻ പിന്തുണയാണ് എൽഡിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഡിഎഫിന്റെ പരമ്പരാഗത കേന്ദ്രങ്ങൾ പോലും ഇത്തവണ എൽഡിഎഫിനെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മികച്ച വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയായിരിക്കും ഈ തിരഞ്ഞെടുപ്പിൽ കാണുക.
ശബരിമല സ്വർണക്കൊള്ള വിഷയം തിരഞ്ഞെടുപ്പിൽ യാതൊരു സ്വാധീനവും ചെലുത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവിടെ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു എന്നത് സത്യമാണ്. സർക്കാർ അതിനെതിരെ കർശന നടപടികളാണ് സ്വീകരിച്ചത്. ഇത്തരമൊരു ശക്തമായ ഇടപെടൽ ഈ സർക്കാർ ഇല്ലെങ്കിൽ ഉണ്ടാകില്ലായിരുന്നു എന്നാണ് വിശ്വാസികൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നടപടികൾക്ക് വിശ്വാസികളുടെ പൂർണ പിന്തുണയുണ്ട്. ഈ വിഷയത്തെ തങ്ങൾക്കനുകൂലമാക്കി മാറ്റാൻ യുഡിഎഫും ബിജെപിയും നടത്തുന്നത് ദുഷ്പ്രചാരണം മാത്രമാണ്. ഇരുപാർട്ടികളും ഒരേ വണ്ടിയിൽ സഞ്ചരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിം സമുദായം തള്ളിക്കളഞ്ഞ സംഘടനയാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. മുസ്‌ലിം വോട്ടുകൾ യുഡിഎഫിന് അനുകൂലമാക്കാൻ ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിച്ച തന്ത്രം ഈ തിരഞ്ഞെടുപ്പിൽ ഫലം കാണില്ല. എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനെ പൂർണമനസ്സോടെ സ്വീകരിക്കും.
അതിജീവിതയോടൊപ്പം നാടും സർക്കാരും ഉണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.
ഹൈ പ്രൊഫൈൽ ലൈംഗികാതിക്രമ കേസുകളെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു: "കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ഇരകൾ തെളിവുമായി മുന്നോട്ടുവരാത്തത് എന്തുകൊണ്ടാണ്? ഇത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണ്. വെറും ഭീഷണി മാത്രമല്ല, ‘കൊന്നുകളയും’ എന്നാണ് പറഞ്ഞിരിക്കുന്നത്. വസ്തുതകൾ തുറന്നുപറയാൻ ഇരകൾക്ക് ഭയമാണ്. ജീവന് ഭീഷണിയുള്ളതിനാൽ മടിക്കുന്നു. ഇപ്പോൾ പുറത്തുവന്നതിനപ്പുറം കൂടുതൽ കാര്യങ്ങൾ ഇനി വെളിച്ചത്തുവരാനുള്ള സാധ്യതയുണ്ട്. ലൈംഗിക വൈകൃതക്കുറ്റവാളികളെ ന്യായീകരിക്കാൻ ശ്രമിച്ചാൽ സമൂഹം ഒരിക്കലും അംഗീകരിക്കില്ല” – മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

