Kaumudi Plus

എസ്ഐആർ നടപടികൾ: നിരീക്ഷകരെ നിയമിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; ജില്ലകളിൽ സന്ദർശനം നടത്തും

Chief Electoral Officer Appoints Observers for Electoral Roll Revision

എസ്ഐആർ നടപടികൾ: നിരീക്ഷകരെ നിയമിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; ജില്ലകളിൽ സന്ദർശനം നടത്തും
X

തിരുവനന്തപുരം: വോട്ടർപട്ടികയിൽ നിന്ന് 24.08 ലക്ഷം പേരെ ഒഴിവാക്കിയതിനെ തുടർന്ന് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്നതിനു പിന്നാലെ, എസ്ഐആർ (സ്പെഷ്യൽ ഇന്റൻസിവ് റിവിഷൻ) നടപടികളുടെ ഭാഗമായി 14 ജില്ലകൾക്കായി നാല് ഇലക്ടറൽ റോൾ ഒബ്സർവർമാരെ നിയോഗിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽഖർ.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതല എം.ജി. രാജമാണിക്യത്തിനും, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് കെ. ബിജുവിനും, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് ടിങ്കു ബിസ്വാളിനും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് ഡോ. കെ. വാസുകിക്കുമാണ് ഏൽപ്പിച്ചിരിക്കുന്നത്.

കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും എതിർപ്പുകളും സ്വീകരിക്കുന്ന കാലയളവിൽ ഒബ്സർവർമാർ ആദ്യഘട്ടമായി അതതു ജില്ലകൾ സന്ദർശിക്കും. തുടർന്ന് ഇആർഒമാർ വഴി അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിക്കുന്ന സമയത്ത് രണ്ടാം സന്ദർശനവും നടത്തും. ബിഎൽഒമാരുടെ പ്രവർത്തനങ്ങൾ പരിശോധിക്കൽ, സപ്ലിമെന്റുകൾ അച്ചടി, വോട്ടർപട്ടികയുടെ അന്തിമ പ്രസിദ്ധീകരണം എന്നിവയുടെ ഘട്ടത്തിൽ മൂന്നാം സന്ദർശനവും ഉണ്ടാകും.

ആദ്യ സന്ദർശന വേളയിൽ എംപിമാരുടെയും എംഎൽഎമാരുടെയും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ച് അവരുടെ പരാതികൾ ശ്രദ്ധിക്കുകയും പുനഃപരിശോധന പ്രക്രിയയിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. പൊതുജനങ്ങളുമായും യോഗം നടത്തും.

ജില്ലാ ശരാശരിയെക്കാൾ ഒരു ശതമാനത്തിൽ കൂടുതലോ, ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ മൂന്നു ശതമാനത്തിൽ കൂടുതലോ പേരുകൾ ചേർത്തതോ ഒഴിവാക്കിയതോ ആയ മണ്ഡലങ്ങളെക്കുറിച്ച് ഡിഇഒമാർ സമർപ്പിച്ച റിപ്പോർട്ടുകളും വിശദീകരണങ്ങളും ഒബ്സർവർമാർ സൂക്ഷ്മമായി പരിശോധിക്കും.

Tags:
Next Story
Share it