ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ ഒറിജിനൽ ;കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തിൽപൊലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കുംഭമേലയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹാജരാക്കിയ രേഖകൾ വ്യാജമല്ലെന്ന് പൊലീസ്. ആധാർകാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവ ഒറിജിനൽ ആണെന്ന് കാണിച്ച് തിരുവനന്തപുരം റൂറൽ എസ് പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറി.മാർച്ച് 11 ന് പൂവാറിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അതിന് ശേഷം പൂവാർ പഞ്ചായത്തിൽ വിവാഹ രജിസ്‌ട്രേഷനായി അപേക്ഷ നൽകി. ആധാർകാർഡ്, ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ് എന്നിവ സമർപ്പിച്ചിരുന്നു. ഇവ പ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നു. എന്നാൽ ഈ രേഖകൾ തയ്യാറാക്കാൻ നൽകിയ വിവരങ്ങൾ തെറ്റായിരുന്നോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണം. ഇതിനായി മധ്യപ്രദേശിൽ പോയി അന്വേഷിക്കണം എന്നും റൂറൽ എസ് പി നൽകിയ റിപ്പോർട്ടിൽ പറയുന്നു.വ്യാജ രേഖയുടെ സഹായത്തോടെ വിവാഹം നടത്തി എന്നായിരുന്നു ദേശീയ പട്ടിക ജാതി കമ്മീഷന്റെ കണ്ടെത്തലും മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെയും ആരോപണം.
അതേസമയം, കുംഭമേള വൈറൽ താരത്തെ വിവാഹം ചെയ്‌തതിൻ്റെ പേരിലെടുത്ത പോക്സോ കേസിൽ ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് ഫർമാൻ്റെ അറസ്‌റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. മെയ് 20 വരെയാണ് കാലാവധി നീട്ടിയത്. കേസെടുത്തോ എന്ന കാര്യത്തിൽ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് സ്ഥിരീകരണം ലഭിച്ചില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20 ന് വീണ്ടും പരിഗണിക്കും.

