അമിതവണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി: അമിതവണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സയുടെ പേരിലുള്ള പരസ്യങ്ങൾ നിയന്ത്രിക്കാൻ നടപടികളുമായി കേന്ദ്രം. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) മുന്നറിയിപ്പ്. ബോധവത്കരണ ക്യാംപയിൻ ഉൾപ്പെടെയുള്ളവയുടെ പേരിൽ ഇത്തരം നടപടികൾ വേണ്ടെന്നാണ് ഡിസിജിഐയുടെ നിലപാട്.കുറിപ്പടിയിലൂടെ ലഭിക്കുന്ന മരുന്നുകൾ ഉൾപ്പെടെ ബോധവത്കരണ പരിപാടിയെന്ന പേരിൽ മരുന്നുകൾ മാർക്കറ്റ് ചെയ്യുന്ന രീതി അംഗീകരിക്കാൻ കഴിയില്ല. 'പ്രിന്റ്, ഇലക്ട്രോണിക്, ഡിജിറ്റൽ, സോഷ്യൽ മീഡിയ തുടങ്ങിയ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്ക് മുന്നിൽ ഒരു ഉൽപ്പന്നം പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ള നേരിട്ടോ പരോക്ഷമായോ ചെയ്യുന്ന എല്ലാ പ്രമോഷണൽ പ്രവർത്തനങ്ങളും നിയമ വിരുദ്ധമാണ്. ഇൻഫ്‌ളുവൻസർമാർ, സെലിബ്രിറ്റികൾ, കോർപറേറ്റ് ക്യാംപയിനുകൾ, ബ്രാൻഡ് തിരിച്ചുവിളിക്കൽ തുടങ്ങി ഒരു ഉത്പന്നത്തെ അടയാളപ്പെടുത്തുന്ന പ്രവർത്തനങ്ങൾ എല്ലാം നിയമ വിരുദ്ധണായി കണക്കാകും എന്നും ഡിസിജിഐ മാർച്ച് 10ന് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു,
'ജീവിതശൈലി പ്രശ്‌നങ്ങൾ ഉൾപ്പെടെ സമഗ്രമായ നിയന്ത്രണം ആവശ്യമുള്ള ഒരു വിട്ടുമാറാത്ത ഉപാപചയ അവസ്ഥയാണ് പൊണ്ണത്തടി അഥവ അമിത വണ്ണം. ഇതിന്റെ പേരിൽ അശാസ്ത്രീയമായ ഭക്ഷണ നിയന്ത്രണം, ശാരീരിക വ്യായാമങ്ങൾ, ആരോഗ്യ സംരക്ഷണ നടപടികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പൊതുജനാരോഗ്യ സംരംഭങ്ങളെ ദുർബലപ്പെടുത്തുന്ന രീതിയിൽ ഫാർമസ്യൂട്ടിക്കൽ തെറാപ്പി പരസ്യങ്ങളിലൂടെ പ്രോത്സാഹിപ്പിക്കരുത് എന്നും ഡിസിജിഐ വ്യക്തമാക്കുന്നു.

