Kaumudi Plus

പുതപ്പുവിതരണപരിപാടി ;മുസ്ലീം സ്ത്രീകള്‍ക്ക് പുതപ്പ് നല്‍കാന്‍ വിസമ്മതിച്ച് ബിജെപി നേതാവ്

പുതപ്പുവിതരണപരിപാടി ;മുസ്ലീം സ്ത്രീകള്‍ക്ക് പുതപ്പ് നല്‍കാന്‍ വിസമ്മതിച്ച് ബിജെപി നേതാവ്
X

ജയ്പൂർ: ദരിദ്രർക്കായുള്ള പുതുപ്പുവിതരണ പരിപാടിക്കിടെ വാങ്ങാനെത്തിയവർ മുസ്ലീങ്ങളാണെന്ന് മനസിലാക്കിയതോടെ അവർക്ക് പുതപ്പ് നൽകാതെ മുൻ എംപിയും ബിജെപി നേതാവുമായ സുഖ്ബാർ സിങ് ജൗനാപുരിയ. രാജസ്ഥാനിലെ ടോങ്കിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നവർക്ക് നൽകാനുള്ളതല്ല ഈ പുതപ്പുകൾ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയും ചെയ്തു.സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 'മോദിയെ അധിക്ഷേപിക്കുന്നവർക്ക് ഇത് വാങ്ങാൻ അവകാശമില്ല' എന്ന് അദ്ദേഹം പറയുന്നത് വിഡിയോയിൽ കേൾക്കാം.

യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പങ്കെടുത്തവരിൽ ചിലർ മുസ്ലീങ്ങളാണെന്ന് മനസിലാക്കിയതോടെയാണ് ജൗനാപുരിയ തന്റ നിലപാട് വ്യക്തമാക്കിയത്. മുസ്ലീം വിഭാഗത്തിൽപ്പെട്ടവർക്ക് പുതപ്പുകൾ നൽകാൻ വിസമ്മതിച്ച അദ്ദേഹം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് ഇതിനോടകം നൽകിയ പുതപ്പുകൾ തിരികെ വാങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു.തന്റെ തീരുമാനത്തിൽ ആർക്കെങ്കിലും വിഷമം തോന്നിയാൽ അത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം വിഭാഗത്തിൽപ്പെട്ടവരെ പരിപാടിയിലേക്ക് കൊണ്ടുവന്നതിന് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഗ്രാമവാസികളിൽ ചിലർ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ എതിർത്തെങ്കിലും, ഇത് സർക്കാർ പരിപാടിയല്ലെന്നും തന്റെ സ്വന്തം ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വ്യക്തിപരമായ സംരംഭമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ആർക്ക് സഹായം നൽകണമെന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും ജൗനാപുരിയ കൂട്ടിച്ചേർത്തു.

Next Story
Share it