തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍;ആരാപണവുമായി സിപിഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ എന്ന ആരാപണവുമായി സിപിഎം. തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ കേരള ബിജെപിഘടകത്തിന്റെ സീൽ ഉണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം. കത്ത് തയ്യാറാക്കിയത് 2019 മാർച്ച് പത്തൊൻപതിനാണ്. അതേസമയം, സിപിഎമ്മിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.ബിജെപി സീൽ പതിച്ച കത്തിന്റെ പകർപ്പും സിപിഎം ട്വിറ്ററിൽ പങ്കുവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്നത് ഒരു രഹസ്യമല്ല. എങ്കിലും രണ്ടിനും രണ്ട് ഡെസ്‌കുകൾ എന്ന മര്യാദയെങ്കിലും പാലിക്കാമായിരുന്നെന്നും സിപിഎം പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ എന്നത് തെരഞ്ഞെടുപ്പ് മെഷീനിൽ ഏത് ബട്ടൺ അമർത്തിയാലും താമര തെളിയുന്നു എന്നതുപോലെ യാദൃച്ഛികമാണെന്നും സിപിഎം ആരോപിച്ചു.2019 മാർച്ച് 19-ന് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീൽ ഉപയോഗിക്കുന്നതായി കാണുന്നത് ഇതാദ്യമായാണെന്നും സിപിഎം പറയുന്നു. നിരവധി രാഷ്ട്രീയ പാർട്ടികൾക്ക് ബിജെപിയുടെ സീൽ ഉള്ള കത്ത് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം മറ്റ് പാർട്ടികളുമായി സംസാരിച്ച് വ്യക്തത വരുത്തിയതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഈമെയിലിൽ നിന്നാണ് കത്ത് ലഭിച്ചതെന്നും സിപിഎം പറയുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി നൽകാനാണ് സിപിഎം തീരുമാനം.

