വോട്ടിനായിബിജെപി പാലക്കാട് മണ്ഡലത്തില്‍ വ്യാപകമായി പണംവിതരണംചെയ്യുന്നു ; ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ വോട്ടിനായി ബിജെപി വ്യാപകമായി പണം വിതരണം ചെയ്യുന്നതായി പരാതി. കണ്ണാടി മേഖലയിൽ ബിജെപി പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തു വിട്ടു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ വൃദ്ധയായ ഒരു സ്ത്രീക്ക് എൻഡിഎ പ്രവർത്തകർ പണം നൽകിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.വൃദ്ധയുടെ വീടിന് സമീപം ഒരു മരണം നടന്നിരുന്നു. ഈ വീട്ടിൽ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ എത്തിയിരുന്നു. ഇതിനു പിന്നാലെ എൻഡിഎ പ്രവർത്തകയായ ഒരു സ്ത്രീയെത്തി വയോധികയ്ക്ക് പണം നൽകിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് വർക്ക് കഴിഞ്ഞ് മടങ്ങുമ്പോഴാണ് പണം വിതരണം ചെയ്യുന്നത് കണ്ടത്.
പണം നൽകുന്നത് കണ്ട് ഞങ്ങൾ വീട്ടിലെത്തി നോക്കി. 5000 രൂപയുണ്ടായിരുന്നു. പണം നൽകി വോട്ടു ചോദിക്കരുതെന്നും, അല്ലാതെ വോട്ടു ചോദിക്കുന്നതിൽ ഒരു എതിർപ്പുമില്ലെന്നും പറഞ്ഞതായി കോൺഗ്രസ് പ്രവർത്തകൻ വ്യക്തമാക്കി. സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ഉണ്ടായിരുന്ന കാറിൽ നിന്നാണ് സ്ത്രീ ഇറങ്ങിപ്പോയി പണം നൽകിയത്.അവിടെ നിന്നും പോയ ബിജെപി പ്രവർത്തകർ പിന്നീട് തങ്ങളുടെ വാഹനം തടഞ്ഞ് മോശമായി സംസാരിച്ചു. വീഡിയോ ചിത്രീകരിച്ചവരുടെ കരണം അടിച്ചു പൊട്ടിക്കുമെന്ന് ശോഭ സുരേന്ദ്രൻ ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകൻ സൂചിപ്പിച്ചു.

