പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലം ; സൗദി അറേബ്യയിലെ പൗരന്‍മാരെ തിരിച്ചുവിളിച്ച് അമേരിക്ക

റിയാദ്: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ പൗരൻമാരെ തിരിച്ചുവിളിച്ച് അമേരിക്ക. സൗദി അറേബ്യയിലുള്ള അവശ്യ സേവനമേഖലയ്ക്ക് പുറത്തുള്ള ജീവനക്കാരും, കുടുംബാംഗങ്ങളും ഉടൻ മടങ്ങണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റിന്റെ നിർദേശം. സുരക്ഷാ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയാണ് നടപടി.ഇസ്രേയേൽ - യുഎസ് ആക്രമണത്തിന് മറുപടിയായി ഇറാൻ ഗൾഫ് രാഷ്ട്രങ്ങളിൽ തിരിച്ചടിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. കഴിഞ്ഞ ദിവസങ്ങളിൽ സൗദിക്ക് നേരെ ഇറാൻ ശക്തമായ ആക്രമണമാണ് നടത്തിയത്.
ഇതിന് പിന്നാലെയാണ് യുഎസ് തങ്ങളുടെ പൗരൻമാരെ തിരിച്ചുവിളിച്ചിരിക്കുന്നത്. ഫെബ്രുവരി 28 ന് ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് യുഎസ് മേഖലയിലെ തങ്ങളുടെ പൗരൻമാർക്കായി ഇത്തരം ഒരു നിർദേശം പുറപ്പെടുവിക്കുന്നത്.സൗദിയിലേക്ക് യുഎസ് നടത്തിയ ആക്രമണത്തിൽ കഴിഞ്ഞ ദിവസം ഒരു യുഎസ് സൈനികൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഇതോടെ മേഖലയിലെ സംഘർഷത്തിൽ കൊല്ലെപ്പെടുന്ന യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി ഉയരുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറ് യുഎസ് സൈനികരാണ് ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ മരിച്ചത്.

