Kaumudi Plus

ബോധവല്‍ക്കരണ ഫലം; സംസ്ഥാനത്ത് വീട്ടുപ്രസവങ്ങളുടെ എണ്ണം കുറഞ്ഞു

ബോധവല്‍ക്കരണ ഫലം;  സംസ്ഥാനത്ത്  വീട്ടുപ്രസവങ്ങളുടെ എണ്ണം കുറഞ്ഞു
X

തിരുവനന്തപുരം: മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വീടുകളിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണത്തിൽ വൻ കുറവ് . കഴിഞ്ഞ സാമ്പത്തിക വർഷം ജനുവരി വരെ നടന്നത് 202 പ്രസവങ്ങളാണ്. അതിൽ 9 കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായി. കഴിഞ്ഞ ഒരു മാസത്തിൽ നടന്ന 14 വീട്ട് പ്രസവങ്ങളിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കുകളാണിത്.സംസ്ഥാനത്ത് കഴിഞ്ഞ ജനുവരിയിൽ 14 വീട്ട് പ്രസവങ്ങൾ നടന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക് പുറത്ത് വരുമ്പോൾ പ്രസ്തുത കാലയളവിൽ മൂന്ന് നവജാത ശിശുക്കൾ മരണപ്പെട്ടു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങിന് ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് നൽകിയ വിവരാവകാശ അപേക്ഷയിലെ മറുപടിയിൽ 2019 മുതൽ 2026 ജനുവരി വരെ 3369 വീട്ട് പ്രസവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതായി വ്യക്തമാക്കുന്നു. 2025 ജനുവരി മുതൽ 2026 ജനുവരി വരെ 202 വീട്ട് പ്രസവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

പ്രസ്തുത കാലയളവിൽ തിരുവനന്തപുരം - 20, കൊല്ലം - 8, പത്തനംതിട്ട - 2, ആലപ്പുഴ - 8, കോട്ടയം - 3, ഇടുക്കി - 27, എറണാകുളം - 16, തൃശൂർ - 10, പാലക്കാട് - 15, മലപ്പുറം - 50, കോഴിക്കോട് - 11, വയനാട് - 17, കണ്ണൂർ - 10, കാസർഗോഡ് - 4 വീട്ട് പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തതായും വിവരാവകാശ മറുപടിയിൽ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. 2025 ജനുവരി മുതൽ 2026 ജനുവരി വരെ വീട്ട് പ്രസവങ്ങളിൽ 9 നവജാത ശിശുക്കൾ മരണപ്പെട്ടതായും ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2019-20 കാലയളവിൽ സംസ്ഥാനത്ത് 467, 2020-21-ൽ 576, 2021-22-ൽ 586, 2022-23-ൽ 584, 2023-24-ൽ 526, 2024-25-ൽ 428, 2025 ജനുവരി മുതൽ ഡിസംബർ വരെ 188, 2026 ജനുവരിയിൽ മാത്രം 14 എന്നിങ്ങനെയാണ് വീട്ട് പ്രസവ കണക്കുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.2021-22-ൽ 1, 2022-23-ൽ 4, 2023-24-ൽ 4, 2024-25-ൽ 12, 2025 ജനുവരി മുതൽ ഡിസംബർ വരെ 6, 2026 ജനുവരി മാത്രം 3 നവജാത ശിശുക്കൾ വീട്ട് പ്രസവത്തിൽ മരിച്ചതായും അഡ്വ. കുളത്തൂർ ജയ്സിങിന് ലഭിച്ച വിവരാവകാശ മറുപടിയിൽ ഉണ്ട്. ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ് വീട്ട് പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019-20-ൽ 193, 2020-21-ൽ 258, 2021-22-ൽ 271, 2022-23-ൽ 266, 2023-24-ൽ 252, 2024-25-ൽ 191, 2025 ജനുവരി മുതൽ ഡിസംബർ വരെ 44, 2026 ജനുവരിയിൽ മാത്രം 6 എന്നിങ്ങനെയാണ് മലപ്പുറത്തെ വീട്ട് പ്രസവ കണക്കുകൾ.

മുൻ വർഷത്തേക്കാൾ വീട്ട് പ്രസവങ്ങളുടെ എണ്ണം കുറയ്ക്കുവാൻ നടത്തുന്ന പ്രവർത്തനങ്ങളിൽ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്ന് വീട്ട് പ്രസവങ്ങൾ നിരുത്സാഹപ്പെടുത്തുവാൻ ഹൈക്കോടതി മുഖേന നിയമ പോരാട്ടം തുടരുന്ന മലപ്പുറം താനൂർ സർക്കാർ ആശുപത്രിയിലെ ഡോ. കെ. പ്രതിഭ പ്രതികരിച്ചു. വീട്ട് പ്രസവങ്ങൾക്ക് എതിരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാൻ തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ വർഷം സർക്കുലർ പുറപ്പെടുവിച്ചത് ഡോ. കെ. പ്രതിഭ ചീഫ് സെക്രെട്ടറിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

Next Story
Share it