Kaumudi Plus

ഗുരുവായൂർ ദേവസ്വം: എ.വി. ഗോപിനാഥ് ചെയർമാനായി ചുമതലയേറ്റു; ഷിനിജയും വനിതാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

A.V. Gopinath takes charge as Guruvayur Devaswom chairman; Shinija takes oath as a lady member

ഗുരുവായൂർ ദേവസ്വം: എ.വി. ഗോപിനാഥ് ചെയർമാനായി ചുമതലയേറ്റു; ഷിനിജയും വനിതാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു
X

തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ 16-ാമത് ചെയർമാനായി മുൻ എംഎൽഎയും പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശി സ്വദേശിയുമായ എ.വി. ഗോപിനാഥ് ചുമതലയേറ്റു.

ഡോ. വി.കെ. വിജയനും വി.ജി. രവീന്ദ്രനും സ്ഥാനമൊഴിഞ്ഞതിനെ തുടർന്നുണ്ടായ ഒഴിവിലാണ് എ.വി. ഗോപിനാഥിനെയും എം.യു. ഷിനിജയെയും ദേവസ്വം ഭരണസമിതി അംഗങ്ങളായി സർക്കാർ നാമനിർദേശം ചെയ്തത്.

രാവിലെ പത്തരയോടെ തെക്കേനടയിലെ വൈഷ്ണവം ഓഡിറ്റോറിയത്തിൽ ഇരുവരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം.ജി. രാജമാണിക്കം ഐഎഎസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ക്ഷേത്ര ഊരാളനും ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. കമ്മീഷണർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.സത്യപ്രതിജ്ഞയ്ക്കു ശേഷം ദേവസ്വം കോൺഫറൻസ് ഹാളിൽ ഭരണസമിതി യോഗം ചേർന്നു. ഭരണസമിതി അംഗം സി. മനോജ് എ.വി. ഗോപിനാഥിനെ ചെയർമാനായി നിർദേശിക്കുകയും കെ.എസ്. ബാലഗോപാൽ പിന്തുണയ്ക്കുകയും ചെയ്തു. തുടർന്ന് രേഖകളിൽ ഒപ്പുവെച്ച് ഗോപിനാഥ് ചെയർമാനായി ചുമതലയേറ്റു. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, എം.യു. ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ, നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, വൈസ് ചെയർമാൻ ജ്യോതി രാജ് തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനുശേഷം പുതിയ അംഗങ്ങളെ എംഎൽഎയും വിവിധ സംഘടനാ നേതാക്കളും പൊന്നാട അണിയിച്ച് ആദരിച്ചു.ആലത്തൂർ മുൻ എംഎൽഎയായ എ.വി. ഗോപിനാഥ് രണ്ടു ദശാബ്ദക്കാലത്തിലധികം പെരിങ്ങോട്ടുക്കുറിശ്ശി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭരണസമിതിയിലെ ആദ്യ വനിതാ അംഗമായ എം.യു. ഷിനിജ കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിനിയാണ്. എംഎ, ബിഎഡ് ബിരുദധാരിയായ ഷിനിജ ചാപ്പാറ ഓറ എഡിഫൈ സ്കൂളിൽ അധ്യാപികയായിരുന്നു. 2020-2023 കാലഘട്ടത്തിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സണായി പ്രവർത്തിച്ചിരുന്നു. ഭരണസമിതിയിൽ 48 വർഷത്തിനു ശേഷമാണ് വനിതാ അംഗം വീണ്ടും എത്തുന്നത്.

Tags:
Next Story
Share it