Kaumudi Plus

ഭക്തിനിർഭരം ആറ്റുകാൽ ; പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍

ഭക്തിനിർഭരം ആറ്റുകാൽ ; പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍
X

തിരുവനന്തപുരം: ഭക്തിനിർഭരമായി ആറ്റുകാൽ സന്നിധി . പ്രാർഥനാ പുണ്യം നേടി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനെത്തിയത് ഭക്തലക്ഷങ്ങൾ.ഇന്നു രാവിലെ 9.15 ന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്.തുടർന്ന് 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങു നടന്നു. തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽനിന്നു ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകർന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ദീപം സഹ മേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും ജ്വലിപ്പിച്ചു. ക്ഷേത്ര സന്നിധിയിലെ പണ്ടാര അടുപ്പിൽ ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദിച്ചത്. മേൽശാന്തിയാണ് ക്ഷേത്രസന്നിധിയിലെ പണ്ടാര അടുപ്പിൽ തയാറാക്കിയ പൊങ്കാല നിവേദിച്ചത്. തുടർന്ന് 350 പൂജാരിമാർ നഗരത്തിന്റെ മറ്റിടങ്ങളിൽ ഭക്തർ തയാറാക്കിയ പൊങ്കാല നിവേദിക്കുകയായിരുന്നു.പതിവ് തെറ്റിക്കാതെ .

ചലച്ചിത്ര, ടെലിവിഷൻ താരങ്ങളും വിവിധ മേഖലകളിലെ പ്രമുഖരുമടക്കം ഇത്തവണയും നിരവധിപ്പേർ പൊങ്കാലയിടാൻ എത്തി. സിനിമാ സീരിയൽ താരങ്ങൾക്കൊപ്പം രാഷ്ട്രീയ നേതാക്കളും പൊങ്കാലയുടെ ഭാഗമായി. ചിപ്പി രഞ്ജിത്ത് ആറ്റുകാൽ ക്ഷേത്ര പരിസരത്തെ ഗൗരി വന്ദനത്തിലാണ് പൊങ്കാലയിടാൻ എത്തിയത്. ചിപ്പിയെ കാണാൻ പുറത്ത് കാത്ത് നിരവധി ആരാധകരുമുണ്ടായിരുന്നു. ചിപ്പിയോടൊപ്പം ഗായിക രാജലക്ഷ്മിയും ഇത്തവണ പൊങ്കാലയ്ക്കായി എത്തിയിരുന്നു. കുറച്ചുവർഷമായി ചിപ്പിയോടൊപ്പമാണ് രാജലക്ഷ്മി പൊങ്കാലയിടുന്നത്.കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും പൊങ്കാലയിട്ടു. പൊങ്കാലയിടാനെത്തിയതിനു തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും സ്ത്രീകളുടെ ഉന്നമനത്തിനും ലോകസമാധാനത്തിനുമായാണ് പൊങ്കാലയിടുന്നതെന്നും അവർ പറഞ്ഞു.കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസും ഒപ്പമുണ്ടായിരുന്നു.അതേസമയം, ഭക്തർ തയാറാക്കിയ അടുപ്പുകൾ കത്തിക്കാനുള്ള വിളംബരമായി ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും മുഴങ്ങി. പണ്ടാര അടുപ്പിൽനിന്നു പകരുന്ന ദീപം ഏറ്റുവാങ്ങി ഭക്തർ സ്വന്തം അടുപ്പുകളിൽ ജ്വലിപ്പിച്ചതോടെ നഗരം യാഗശാലയായി.

Next Story
Share it