വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷി ; റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിന് സ്‌പെഷ്യല്‍ ഓഫീസറായി നിയമനം

ചെന്നൈ:സ്വന്തം ജ്യോതിഷിയെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ച് മുഖ്യമന്ത്രി വിജയ്. ദീർഘകാലമായി തന്റെ വ്യക്തിഗത ജ്യോതിഷിയായി ഉപദേഷങ്ങളും നിർദേശങ്ങളും നൽകിയ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെയാണ് വിജയ് തന്റെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷി ആണ് റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ .വിജയിന്റെ ജ്യോതിഷി എന്ന നിലയിൽ തമിഴകത്ത് നേരത്തേ സുപരിചിതനായ വ്യക്തിയാണ് രാധൻ പണ്ഡിറ്റ്. വിജയ് സത്യപ്രതിജ്ഞ ചെയ്യാനുള്ള 'മുഹൂർത്തം' കുറിച്ചതും രാധൻ പണ്ഡിറ്റായിരുന്നു. മേയ് 10ന് വൈകിട്ട് 3.45ന് പ്രഖ്യാപിച്ച സത്യപ്രതിജ്ഞ ഇയാളുടെ നിർദേശപ്രകാരമാണ് വിജയം രാവിലെ പത്ത് മണിയിലേക്ക് മാറ്റിയത്. വിജയ് തമിഴ്‌നാട്ടിൽ അധികാരത്തിലെത്തുമെന്ന് 2024ൽ രാധൻ പണ്ഡിറ്റ് പ്രവചിച്ചിരുന്നു.ഇന്ത്യയിലെ സെലിബ്രിറ്റി ജ്യോതിഷിമാരിൽ പ്രമുഖനാണ് രാധൻ പണ്ഡിറ്റ്. പണ്ഡിറ്റ് വെട്രിവേൽ എന്ന് പൊതുവിൽ അറിയപ്പെടുന്ന ഇദ്ദേഹം 2008ൽ ഡൽഹിയിലേക്ക് മാറുകയും രാധൻ പണ്ഡിറ്റ് എന്ന് പേരുമാറ്റുകയും ചെയ്തു. വിജയിനെ കൂടാതെ ജയലളിത ഉൾപ്പെടെയുള്ള തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രമുഖർ രാധൻ പണ്ഡിറ്റിന്റെ നിത്യസന്ദർശകരായിരുന്നു. ജയലളിതയുെ ഭരണകാലത്ത് പല പ്രധാന രാഷ്ട്രീയ തീരുമാനങ്ങളും ജ്യോതിഷിയുമായി കൂടിയാലോചിച്ച ശേഷമാണ് എടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ അവർ ജയിലിൽ പോകില്ലെന്ന അദ്ദേഹത്തിന്റെ പ്രവചനം പരാജയപ്പെട്ടതിനെത്തുടർന്ന് ഇരുവരും തമ്മിൽ പിണങ്ങിയിരുന്നു. വിജയ് ടിവികെ രൂപീകരിച്ചതുമുതൽ ആ പാർട്ടിയുടെ പിന്തുണച്ചിരുന്നു.

