നിയമസഭാ തെരഞ്ഞെടുപ്പ് ;നാമനിർദേശപത്രിക സമർപ്പണം ഇന്ന് മൂന്ന് മണി വരെ

തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി ഇന്ന്. ഇന്ന് വൈകുന്നേരം 3 മണിവരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. രാവിലെ 11 മുതൽ വൈകിട്ട് 3 മണിവരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിയുക. ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 26 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക പിൻവലിക്കാം.
ഇനി 18 നാളുകളാണ് വോട്ടെടുപ്പിനുള്ളത്. ഏപ്രിൽ 9 ന് നടക്കുന്ന പോളിങ്ങിന് ശേഷം മെയ് നാലിനാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള സ്ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും.പരാതിരഹിതവും സമാധാന പൂർണവുമായ ഇലക്ഷൻ നടത്തിപ്പിന് സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം ഉണ്ടാവണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി.

