Kaumudi Plus

നിയമസഭ തെരഞ്ഞെടുപ്പ് ;എക്സിറ്റ് പോൾ ഫലം പുറത്ത് ,കേരളത്തില്‍ യുഡിഎഫ്

നിയമസഭ തെരഞ്ഞെടുപ്പ് ;എക്സിറ്റ് പോൾ ഫലം പുറത്ത് ,കേരളത്തില്‍ യുഡിഎഫ്
X

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലം പുറത്ത് . കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് എക്‌സിറ്റ് പോൾ ഫലത്തിൽ പറയുന്നു . കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ട്രെൻഡ് ഉണ്ടായതായാണ് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. പത്തുവർഷമായി പ്രതിപക്ഷത്തിരിക്കുന്ന യു ഡി എഫിന് അനുകൂലമാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും .

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം ഉണ്ടാവുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് പ്രവചിച്ചത്.

70 മുതൽ 80 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് സിഎൻഎൻ- ന്യൂസ്18 എക്‌സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്. കേരളത്തിൽ 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എൻഡ‍ിഎയ്ക്ക് ഏഴു സീറ്റുകൾ‌ വരെയാണ് വിവിധ ഏജൻസികൾ പ്രവചിക്കുന്നത്.

വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ

സിഎൻഎൻ ന്യൂസ് 18- യുഡിഎഫ് - 70-80, എൽഡിഎഫ്- 58-68, എൻഡിഎ 0-4

പി മാർക്ക്- യുഡിഎഫ്- 71-79, എൽഡിഎഫ്- 62-69, എൻഡിഎ 1-4

മാട്രിസ്- യുഡിഎഫ്- 70-75, എൽഡിഎഫ് 60-65, എൻഡിഎ 3-5

പീപ്പിൾ പൾസ്- യുഡിഎഫ് 75-85, എൽഡിഎഫ് 55-65, എൻഡിഎ 0-3

ജെവിസി- ടൈംസ് നൗ- യുഡിഎഫ് 72-84, എൽഡിഎഫ് 52-61, എൻഡിഎ 3-7

എൻഡിടിവി- യുഡിഎഫ് 75-85, എൽഡിഎഫ് 55-65, എൻഡിഎ 0-3

ആക്‌സിസ് മൈ ഇന്ത്യ- യുഡിഎഫ് 78-90, എൽഡിഎഫ് 49-62, എൻഡിഎ 0-3

ടുഡെയ്‌സ് ചാണക്യ- യുഡിഎഫ് 72-80, എൽഡിഎഫ് 60-65, എൻഡിഎ 3-7

കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലം പുറത്തുവന്നത്. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെയാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മൂന്ന് പ്രധാന മുന്നണികളും വലിയ ആത്മവിശ്വാസത്തിലാണ്. വികസനത്തുടർച്ചയും ജനക്ഷേമ പദ്ധതികളും വോട്ടായി മാറുമെന്നും വീണ്ടും അധികാരത്തിൽ എത്താമെന്നും ഇടതുമുന്നണി വിശ്വസിക്കുന്നു. അതേസമയം ഭരണവിരുദ്ധ വികാരവും ഒത്തൊരുമയോടെയുള്ള പോരാട്ടവും അധികാരം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കരുതുന്നു.ഇത്തവണ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ അക്കൗണ്ട് തുറക്കാനാകുമെന്നും വോട്ട് വിഹിതം വർധിപ്പിക്കാനാകുമെന്നുമാണ് ബിജെപി കരുതുന്നത്. 2021-ലെ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം എക്‌സിറ്റ് പോളുകളും എൽഡിഎഫ് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു. അത് ശരിയാവുകയും ചെയ്തു. കേരളത്തിൽ ഇത്തവണ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ഏപ്രിൽ ഒൻപതിനായിരുന്നു തെരഞ്ഞെടുപ്പ്.

Next Story
Share it