Kaumudi Plus

ലിവിങ് ടുഗെദര്‍ സമയത്തെ കൃത്രിമ ഗർഭധാരണം;കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കണം-ഹൈക്കോടതി

ലിവിങ് ടുഗെദര്‍ സമയത്തെ കൃത്രിമ ഗർഭധാരണം;കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കണം-ഹൈക്കോടതി
X

കൊച്ചി: വിവാഹത്തിന് മുമ്പ് ഒരുമിച്ച് താമസിച്ചിരുന്ന കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. പുതിയ ജനന സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം നൽകണമെന്നും പത്തനംതിട്ട പളളിക്കൽ ഗ്രാമപഞ്ചായത്തിനോട് കോടതി നിർദേശിച്ചു. തമിഴ്‌നാട്ടിൽ താമസിക്കുന്ന കോട്ടയം, കാസർകോട് സ്വദേശികളായ ദമ്പതികളുടെ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ മദറിന്റെ പേരിലാണ് ജനന സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്തിരുന്നത്. പിതാവിന്റെ പേര് ചേർക്കാൻ നിയമപരമായ തടസങ്ങളുണ്ടെങ്കിലും കുട്ടിയുടെ ഭാവിയും സാമൂഹിക അന്തസ്സും പരിഗണിച്ചാണ് കോടതിയുടെ പ്രത്യേക അധികാരം വിനിയോഗിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി.ദുബൈയിൽ ജോലി ചെയ്തിരുന്ന സമയത്താണ് യുവാവും യുവതിയും പ്രണയത്തിലായത്. യുവാവിന്റെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചു. തുടർന്ന് യുവാവിന്റെ ബീജം ഉപയോഗിച്ച് യുവതി 2012ൽ കൃത്രിമ ഗർഭധാരണത്തിലൂടെ കുട്ടിക്ക് ജന്മം നൽകി.

വിവാഹിതർ അല്ലാത്തതിനാൽ അന്നത്തെ സാഹചര്യത്തിൽ സിംഗിൾ മദറായാണ് ജനന രജിസ്‌ട്രേഷൻ നടത്തിയത്. അതിനാൽ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ല.2018ൽ ഇരുവരും നിയമപരമായി വിവാഹിതരായി. വിവാഹം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഉൾപ്പെടുത്തണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ചില അഭിപ്രായഭിന്നതകൾ ഉയർന്നു. ഇതിനെ തുടർന്ന് കുട്ടിയുടെ പിതൃത്വം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുടുംബ കോടതിയെ സമീപിച്ചു. തുടർന്ന് കുടുംബ കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളിൽ പിതാവിന്റെ പേര് ചേർക്കുകയും ചെയ്തു. എന്നാൽ ജനന സർട്ടിഫിക്കറ്റിൽ പിന്നീട് പിതാവിന്റെ പേര് ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് അപേക്ഷ നിരസിക്കുകയായിരുന്നു.

Next Story
Share it