അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തെ പണം വാങ്ങി വഞ്ചിച്ചു ;നഷ്ടപരിഹാരം നല്‍കേണ്ടിവരും

മലപ്പുറം: അർജന്റീന ഫുട്‌ബോൾ ടീം പണം വാങ്ങിയിട്ടും മത്സരം കളിക്കാൻ വരാതെ കേരളത്തെ വഞ്ചിച്ചുവെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. പണം വാങ്ങിയിട്ടും മത്സരം കളിക്കാൻ വരാതെ ടീം സംസ്ഥാനത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിൽ വന്ന് കളിക്കണമെന്ന് താൻ ഏറെ ആഗ്രഹിച്ചിരുന്നു. അതിനായി ഒട്ടേറെ ചർച്ചകൾ നടത്തി. ടീമിന് നൽകേണ്ട 250 കോടി രൂപ കണ്ടെത്താൻ സ്‌പോൺസർമാരെ ഏർപ്പാടാക്കുന്നത് എളുപ്പമുള്ള പണിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പണം കൈപ്പറ്റിയ ശേഷം അർജന്റീന ടീം നമ്മെ ചതിച്ചു. വരാമെന്ന് ഏൽക്കുകയും പിന്നീട് വരാതിരിക്കുകയും ചെയ്യുന്നത് ഇത്തരമൊരു ടീമിൽ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.കേരളത്തിന് ഉണ്ടായ സമാനമായ അനുഭവം മറ്റ് അഞ്ച് രാജ്യങ്ങൾക്കുണ്ടായതായും മന്ത്രി പറഞ്ഞു. അർജന്റീന ഫുട്‌ബോൾ ടീമിനെതിരെ കേസ് ഫയൽ ചെയ്യേണ്ട സാഹചര്യമാണിത്. അവർ നമുക്ക് നഷ്ടപരിഹാരം നൽകേണ്ടി വരും. ഈ വഞ്ചന കേരളത്തിലെ ഫുട്‌ബോൾ പ്രേമികളെയാകെ നിരാശപ്പെടുത്തിയിരിക്കുകയാണെന്നും അബ്ദുറഹിമാൻ പറഞ്ഞു.
മെസിയും സംഘവും കഴിഞ്ഞ വർഷം നവംബറിൽ കേരളത്തിൽ കളിക്കുമെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. പിന്നീട് ഈ വർഷം മാർച്ചിൽ അർജന്റീന ടീം കളിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. താനൂർ വിട്ട് തിരൂരിലെത്തിയത് തോൽവി ഭയന്നല്ലെന്നും അവിടെ വികസനമുരടിപ്പുണ്ടെന്ന് ജനങ്ങളുടെ അഭ്യർഥന മാനിച്ചാണെന്നും അബ്ദുറഹിമാൻ പറഞ്ഞു. താൻ ഇല്ലെങ്കിലും താനൂരിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്ന് അബ്ദുറഹിമാൻ കൂട്ടിച്ചേർത്തു.

