3 വർഷത്തിനുശേഷംബിനീഷ് കോടിയേരിക്ക് സിപിഎം അംഗത്വം; മെമ്പർഷിപ്പ് പുതുക്കി നൽകി

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മൂന്നു വർഷത്തിന് ശേഷം വീണ്ടും സിപിഎം അംഗത്വം. പിണറായി വിജയൻ ഇടപെട്ടതോടെയാണ് ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം വീണ്ടും പുതുക്കി നൽകുന്നത്.നാലു തവണ അംഗത്വം പുതുക്കി നൽകാൻ അപേക്ഷിച്ചിട്ടും ബിനീഷിന് സിപിഎം മെമ്പർഷിപ്പ് പുതുക്കി നൽകാത്തത് വലിയ ചർച്ചയായിരുന്നു. ബിനീഷിന് അംഗത്വം പുതുക്കി നൽകാൻ പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നിർദേശം നൽകുകയായിരുന്നു. തിങ്കളാഴ്ചയാണ് ബിനീഷിന് അംഗത്വം നൽകിയത്.
2020ൽ മയക്കുമരുന്ന് കേസിൽ പ്രതിയായതിനെ തുടർന്നാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കി നൽകാതിരുന്നത്. 2022 മുതൽ ബിനീഷിന് സിപിഎം അംഗത്വമില്ലായിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചിലാണ് ബിനീഷ് കോടിയേരിക്ക് അംഗത്വമുണ്ടായിരുന്നത്.മയക്കുമരുന്നു കേസിൽ കുറ്റവിമുക്തനായശേഷം പാർട്ടി അംഗത്വത്തിന് ബിനീഷ് അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചിരുന്നില്ല. സിഎംആർഎൽ- എക്സാലോജിക് കേസുമായി ബന്ധപ്പെട്ട്, പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനെതിരായ സിപിഎമ്മിന്റെ പ്രതിഷേധത്തിൽ ബിനീഷ് കോടിയേരിയും പങ്കെടുത്തിരുന്നു.

