നടിയെ ആക്രമിച്ച കേസ്:അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടയിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. അതിജീവിതയുടെ ഹർജി മറ്റൊരു ബെഞ്ച് ആയിരിക്കും ഇനി പരിഗണിക്കുന്നത് . മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്. കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അതിജീവിത പറഞ്ഞിരുന്നു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവർ ആണ് അതിജീവിതയ്ക്ക് വേണ്ടി പുതിയ ഹർജി ഫയൽ ചെയ്തത്.പീഡന ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡിൽ മൂന്ന് തവണയാണ് നിയമവിരുദ്ധമായി പരിശോധന നടന്നത്. മെമ്മറി കാർഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം വിചാരണ കോടതി പാലിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. 2019 നവംബർ 29 നാണ് ഇതുസംബന്ധിച്ച് വിചാരണക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയത്. മെമ്മറി കാർഡ് പരിശോധിക്കുമ്പോൾ മൊബൈൽ ഫോണോ ദൃശ്യം പകർത്താൻ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. എഫ്എസ്എൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെമ്മറി കാർഡ് പരിശോധിക്കാനായിരുന്നു നിർദ്ദേശം. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കേസിൽ പ്രതിയായിരുന്ന ദിലീപിനെയും സംഘത്തെയും കോടതി ദൃശ്യങ്ങൾ കാണിച്ചത്.

